- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാലപ്പുഴ വെട്ടൂരിൽ നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കാലടി പൊലീസ് സ്റ്റേഷന് സമീപം ഇറക്കി വിട്ടു; സ്റ്റേഷനിൽ അഭയം തേടി ബാബുക്കുട്ടൻ; ഇറക്കി വിട്ടത് പൊലീസ് പിടിക്കുമെന്നായപ്പോൾ; ഡൽഹി മലയാളിയുടെ ക്വട്ടേഷനെന്ന് സംശയം: ഭീഷണി മുഴക്കി വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം
പത്തനംതിട്ട: മലയാലപ്പുഴ വെട്ടൂരിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ പുലർച്ചെയോടെ കാലടി പൊലീസ് സ്റ്റേഷന് സമീപം ഇറക്കി വിട്ടു. പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ യുവാവിനെ തിരികെ കൊണ്ടുവരാൻ പത്തനംതിട്ട ഡിവൈ.എസ്‌പി ഓഫീസിൽ നിന്ന് രണ്ടു പൊലീസുകാർ പോയിട്ടുണ്ട്.
വെട്ടൂർ മുട്ടുമൺ ചങ്ങായിൽ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന അജേഷ് കുമാറി (38) നെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.40 ന് മലപ്പുറം രജിസ്ട്രേഷൻ ഇന്നോവ കാറിൽ എത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. വിവരമറിഞ്ഞ് ജില്ലയിലെ പൊലീസ് സേന മുഴുവൻ അന്വേഷണത്തിൽ പങ്കാളികളായി. ഇതിനിടെ ബാബുക്കുട്ടന്റെ മാതാവിന്റെ ഫോണിലേക്ക് തട്ടിക്കൊണ്ടു പോയവരുടേതെന്ന് കരുതുന്ന സന്ദേശം എത്തി.
തങ്ങൾക്ക് വേണ്ട ഒരു വീഡിയോ ബാബുക്കുട്ടന്റെ കൈവശമുണ്ടെന്നും അത് തിരികെ കൊടുത്താൽ വിട്ടയയ്ക്കാമെന്നുമായിരുന്നു സന്ദേശം. കിഡ്നാപ്പിങിന് പിന്നിൽ ഡൽഹിൽ വ്യവസായം നടത്തുന്ന മലയാലപ്പുഴ സ്വദേശിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാബുക്കുട്ടന് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു.
ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്തെത്തിയ ഇന്നോവ കാറിൽ നിന്നിറങ്ങിയ ഒരാൾ വീട്ടിലെ കോളിങ് ബെൽ അടിച്ചു. ബാബുക്കുട്ടന്റെ പിതാവ് ഉണ്ണികൃഷ്ണനാണ് വാതിൽ തുറന്നത്. കാറിൽ ഇരിക്കുന്ന ആൾ വിളിക്കുന്നെന്ന് പറഞ്ഞതിനെ തുടർന്ന് പുറത്തേക്കു വന്ന ബാബുക്കുട്ടനെ അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. പിടിവലിയും ബഹളവും കേട്ട സമീപവാസികൾ ഇറങ്ങി വന്നപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്ത് പോയി. സമീപവാസികൾ പിറകു വശത്തെ ചില്ലു തകർത്തെങ്കിലും കാർ പാഞ്ഞു പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പീച്ചു നിറത്തിലുള്ള ഇന്നോവ കാറിന്റെ ദൃശ്യം സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റും ഹോളോ ബ്രിക്സ് കമ്പനിയുടെ ഉടമയുമാണ് ബാബുക്കുട്ടൻ. ഇയാൾക്ക് സാമ്പത്തിക ഇടപാടുകളോ മാറ്റ് പ്രശ്നങ്ങളോ ഉള്ളതായി അറിവില്ലന്നാണ് നാട്ടുകാർ പറയുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്