ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒന്നടങ്കം നാണം കെട്ടു നില്‍ക്കുമ്പോള്‍ ഭക്തനോട് സധൈര്യം കൈക്കൂലി ആവശ്യപ്പെട്ട് സബ്ഗ്രൂപ്പ് ഓഫീസര്‍. ക്ഷേത്രത്തില്‍ പൂജ നടത്തിക്കൊടുത്തതിന് പ്രതിഫലമായി 5000 രൂപയാണ് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത്. പണം ഇടാന്‍ സ്വന്തം ഗൂഗിള്‍ പേ നമ്പര്‍ വരെ കൊടുത്ത സബ്ഗ്രൂപ്പ് ഓഫീസര്‍ക്കുള്ള ധൈര്യം സാക്ഷാല്‍ ചാള്‍സ് ശോഭരാജിന് പോലുമില്ല! സബ്ഗ്രൂപ്പ് ഓഫീസറുടെ ശല്യം കൊണ്ടു പൊറുതി മുട്ടിയ ഭക്തന്‍ ഒടുവില്‍ വിജിലന്‍സില്‍ ശരണം പ്രാപിച്ചു. കൈക്കൂലിക്കാരനെ വിജിലന്‍സ് കൈയോടെ പൊക്കി. ഈ വര്‍ഷം ട്രാപ്പ് കേസുകളില്‍ വിജിലന്‍സ് ഇതോടെ അര സെഞ്ച്വറി തികച്ചു.

മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗാ ദേവി ക്ഷേത്രത്തിലെ റിസീവറും തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസനെയാണ് വിജിലന്‍സ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പൊക്കിയത്. കുന്നത്തൂര്‍ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ പരാതിക്കാരന്‍ നടത്തിയ പൂജകള്‍ക്ക് കൈക്കൂലിയായിട്ടണ് പണം ചോദിച്ചത്. ശ്രീനിവാസന്‍ റിസീവര്‍ ചുമതല വഹിക്കുന്ന കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ മാന്നാര്‍ സ്വദേശിയായ പരാതിക്കാരന്‍ വിവിധ പൂജകള്‍ക്ക് ബുക്ക് ചെയ്യുന്നതിനായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

പൂജക്കായി ചെലവാകുന്ന തുകയും ദക്ഷിണയും വഹിക്കണമെന്ന് ശ്രീനിവാസന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു. പൂജകള്‍ നടത്തുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു. പൂജകള്‍ക്കായി ക്ഷേത്രത്തില്‍ ഫീസിനത്തില്‍ 480 രൂപ അടച്ചു. കഴിഞ്ഞ 15 ന് പൂജകള്‍ നടത്തി. പൂജകള്‍ക്കായി പരാതിക്കാരന്‍ 30,000 രൂപ ക്ഷേത്രത്തില്‍ ചെലവാക്കി. പിന്നാലെ 17 ന് ശ്രീനിവാസന്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ട് പൂജകള്‍ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തിന് പ്രതിഫലമായി 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രതികരിക്കാതിരുന്ന പരാതിക്കാരനെ ശ്രീനിവാസന്‍ 22 ന് വീണ്ടും ഫോണില്‍ ബന്ധപ്പെട്ട് പണം നല്‍കിയേ മതിയാവൂ എന്ന് അറിയിച്ചു.

തുക അയച്ചു കൊടുക്കാന്‍ തന്റെ ഗൂഗിള്‍ പേ നമ്പരും കൊടുത്തു. കൈക്കൂലി നല്‍കാന്‍ താത്പര്യമില്ലാത്ത പരാതിക്കാരന്‍ വിവരം ആലപ്പുഴ

വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്നലെ ഉച്ചയ്ക്ക് ഉച്ചക്ക് 12.40 ന് മാന്നാര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെ സമീപം കെണിയൊരുക്കി. ഇവിടെ വച്ച് പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ ശ്രീനിവാസനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി.