- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അന്‍വറിന് പൊലീസിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയത് എങ്ങനെ? ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് തേടി ഡിജിപി; എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിലും തീരുമാനം ആയില്ല
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്‍വറിന്റെ ആരോപണങ്ങളാണ് വിജിലന്‍സിന് കൈമാറണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തത്.
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നിന്നും തിരികെ നാട്ടില്‍ എത്തിയിട്ടുണ്ട്. ഇതോടെ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അടക്കം തീരുമാനം ഉണ്ടായേക്കും.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്‍വറിന്റെ ആരോപണങ്ങളാണ് വിജിലന്‍സിന് കൈമാറണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തത്. സര്‍ക്കാരിന് കൈമാറിയ ശുപാര്‍ശയില്‍ ഇതേവരെ നടപടിയെടുത്തിരുന്നില്ല. തുടര്‍ച്ചയായി വന്ന അവധി ദിവസങ്ങള്‍ കാരണമാണ് ഇതെന്നാണ് സൂചന. അതേസമയം, ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പിവി അന്‍വറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടി ഡിജിപി.
അന്‍വറിന് പോലീസിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അന്‍വറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടിണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി.വി.അന്‍വറിനെതിരെ പൊലീസ് ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റിപ്പോര്‍ട്ടാണ് അന്‍വര്‍ ഫെയ്‌സ് ബുക്കിലിട്ടത്. ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ രഹസ്യ രേഖ ചോര്‍ന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൗനമാണ്.
നേരത്തെ താന്‍ ഫോണ്‍ ചോര്‍ത്തിയതായി അന്‍വര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. പൊലീസ് ഇതില്‍ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യരേഖ പുറത്തുവിട്ടത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് ആര്‍എസ്എസ് അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അന്‍വര്‍ ആരോപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.
പൊലീസുകാര്‍ ഉപയോഗിക്കുന്ന അയാപ്‌സ് സോഫ്റ്റ്വര്‍ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്നും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോര്‍ന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം സ്വന്തം ഫെയ്‌സ് ബുക്ക് പേജിലുമിട്ടു.
അതേസമയം പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഡിജിപിക്ക് മൊഴി നല്‍കിയിരുന്നു. തീവ്രവാദ ബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പകയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് അജിത് കുമാര്‍ ആരോപിച്ചു. എംഎല്‍എയ്ക്കു പിന്നില്‍ മാഫിയ സംഘങ്ങളുണ്ടെന്നും ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ എഡിജിപി ആരോപിച്ചിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമെന്നാണ് അജിത് കുമാര്‍ വാദിച്ചത്. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് മാഫിയകള്‍, നിരോധിത സംഘടനകള്‍ എന്നിവര്‍ പി.വി അന്‍വറിന് പിന്നിലുണ്ടെന്ന് എഡിജിപി ആരോപിച്ചു. ഇവര്‍ക്കെതിരെ താന്‍ നടപടിയെടുത്തതിന്റെ പക തീര്‍ക്കുകയാണിപ്പോള്‍. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും താന്‍ നല്‍കിയ കത്തിലെ വിവരങ്ങള്‍ അന്വേഷിക്കണമെന്നും അജിത് കുമാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ മൊഴിയും പി.വി അന്‍വര്‍ നേരിട്ട് നല്‍കിയ പരാതിയുടെ വിശദാംശങ്ങളും സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. മുഖ്യമന്ത്രി ഡല്‍ഹിയിലേക്കു പോയതിനാല്‍ കൂടിക്കാഴ്ച അടുത്ത ദിവസം നടക്കാനാണ് സാധ്യത. ഡിജിപിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വരുംദിവസങ്ങളില്‍ ഉണ്ടാകാനേ സാധ്യതയുള്ളൂ.
എഡിജിപിക്കെതിരെ തെളിവുകളില്ലാതെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഭരണതലത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ ക്രമസമാധാന ചുമതലയില്‍നിന്ന് അജിത് കുമാറിനെ നീക്കാം. അതിലേക്ക് എത്തിച്ചേരേണ്ട അവസ്ഥയിലേക്ക് മുന്നണിയിലെ സമ്മര്‍ദം വര്‍ധിക്കുന്നുണ്ട്.