മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നു. ഇന്നലെ രാത്രി ചെക്ക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 13000ത്തിലേറെ രൂപ കണ്ടെടുത്തു. കൗണ്ടറിൽ ലോറി ജീവനക്കാർ കൈക്കൂലിയുമായെത്തിയത് വിജിലൻസിന്റെ മുന്നിലേക്കായിരുന്നു. രാത്രി 10മുതൽ പുലർച്ചെ വരെ നീണ്ട പരിശോധനയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. കൈക്കൂലി വാങ്ങി അമിതഭാരം കയറ്റി വരുന്ന ലോറികൾ കടത്തി വിട്ട് സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു മലപ്പുറം വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന.

സർക്കാരിനേക്കാളും കൂറ് സ്വന്തം പോക്കറ്റിനോട് കാണിക്കുന്ന ഉദ്യോഗസ്ഥരെയാണ് ചെക്ക് പോസ്റ്റിൽ വിജിലൻസിന് കാണാനായത്. മലപ്പുറം വിജിലൻസ് ഡിവൈ.എസ്‌പി ഫിറോസ് എം ഷഫീക്കിന് ലഭിച്ച വവരത്തെ തുടർന്ന് സിഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓഫിസിൽ കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 13260 രൂപ വിജിലൻസ് കണ്ടെടുത്തു. ഇത് ഏത് വകയിലുള്ളതാണെന്ന് മറുപടി നൽകാൻ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്കായില്ല.

ഇവിടുത്തെ എ.എം വിഐയും ഓഫീസ് അസിസ്റ്റന്റും ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന സമയത്ത് കയ്യിൽ 4500രൂപ ഉള്ളതായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എ.എം വിഐയുടെ കയ്യിൽ 2500രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി പണം ഭക്ഷണത്തിനായി ചെലവിട്ടു എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. എന്നാൽ ഇതിന് ബില്ലുപോലുമുണ്ടായിരുന്നില്ല. ഓഫീസ് അസിസ്റ്റന്റിന്റെ കൈവശമുണ്ടായിരുന്ന പണവും രേഖപ്പെടുത്തിയതിനേക്കാൾ വളരെ കുറവായിരുന്നു. ഇതിനിടെയാണ് ഓഫിസിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെടുത്തത്. വിജിലൻസ് സംഘം പരിശോധന നടത്തവെ ലോറി ജീവനക്കാർ കൈക്കൂലിയുമായി എത്തിയ സംഭവവുമുണ്ടായി. പരിശോധനാ വിവരം അറിയാതെയായിരുന്നു ഇവരെത്തിയത്.

ഇത്തരത്തിൽ കൗണ്ടറിലൂടെ നൽകിയ 1100രൂപയും വിജിലൻസ് പിടികൂടി. എഎസ്ഐമാരായ ടി.ടി ഹനീഫ, ശിഹാബ്, സീനിയർ സി.പി.ഒ പ്രജിത്ത്, സി.പി.ഒ സുബിൻ, ഹയർ സെക്കൻഡറി അദ്ധ്യാപകൻ അബ്ദുൽസലാം എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പരിശോധനാ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. രാത്രി 10മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ രണ്ട് വരെ നീണ്ടു. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോഴാണ് സർക്കാരിന് ലഭിക്കേണ്ട വരുമാനം ഇവിടുത്തെ ഉഗ്യോഗസ്ഥർ പോക്കറ്റിലാക്കുന്നത്.