- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് കോണ്‍ക്ട് ലിസ്റ്റിലുള്ള എല്ലാവരേയും ബന്ധപ്പെട്ടു; ഈ ഫോണിന്റെ അതേ ടവര്‍ ലൊക്കേഷനില്‍ മറ്റൊരു ഫോണുമുണ്ടെന്ന തിരിച്ചറിവ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചു; പ്രതിയ്ക്ക് വിനയായത് ഫോണ്‍ ബസില്‍ ഉപേക്ഷിക്കാനുള്ള അതിബുദ്ധി; കരൂരിലെ വിജയലക്ഷ്മി കൊല തെളിഞ്ഞത് ഇങ്ങനെ
കരുനാഗപ്പള്ളി: വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായകമായത് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍. ആറാം തിയതി മുതല്‍ വിജയലക്ഷ്മിയെ കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി. രണ്ടു ദിവസം കഴിഞ്ഞാണ് കുടുംബത്തിന്റെ അറിവില്‍ ഇക്കാര്യം വരുന്നത്. വിജയലക്ഷ്മിയും സഹോദരിയും എല്ലാം പ്രത്യേകമായിരുന്നു താമസം. വിവാഹ മോചിതയായ വിജയലക്ഷ്മിയുമായി ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ക്ഷേത്ര ദര്‍ശനത്തിന് പോയെന്ന് കരുതിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദുരൂഹത തോന്നി. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. 11ന് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. എന്നാല്‍ പോലീസിന് തുമ്പൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് മൊബൈല്‍ ഫോണ്‍ കിട്ടുന്നത്.
ബസില്‍ നിന്നാണ് ഈ ഫോണ്‍ കിട്ടിയത്. ഈ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടിയത്. വിജയലക്ഷ്മിയുടെ ഫോണ്‍ പരിശോധനയില്‍ സുഹൃത്തുക്കളെ എല്ലാം മനസ്സിലാക്കി. പിന്നീട് പോലീസ് സുഹൃത്തുക്കളെ എല്ലാം വിളിച്ചു. ആര്‍ക്കും വിവരമൊന്നുമില്ലായിരുന്നു. ഇതിനിടെയാണ് സൗഹൃദ ലിസ്റ്റിലുണ്ടായിരുന്ന ജയചന്ദ്രന്റെ ഫോണും വിജയലക്ഷ്മിയുടെ ഫോണും ഒരേ ലൊക്കേഷനിലുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടെ അന്വേഷണം ജയചന്ദ്രനിലേക്ക് നീങ്ങി. വിജയലക്ഷ്മിയെ കൊന്ന ശേഷം ജയചന്ദ്രന്‍ ഫോണ്‍ ബസില്‍ ഉപേക്ഷിക്കുകയായിരുന്നു. വിജയലക്ഷ്മി യാത്ര പോയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം.
ഏതാനും ആഴ്ച മുന്‍പാണ് കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മിയെ കാണാതായത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. വിവാഹ മോചിതയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. വിജയലക്ഷ്മിയെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തുകയും അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടില്‍ പോവുകയും ചെയ്തിരുന്നു. അവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും തുടര്‍ന്ന് ജയചന്ദ്രന്‍ ഇവരെ കൊന്ന് കുഴിച്ചുമൂടുകയും ചെയ്താകാമെന്നാണ് പോലീസ് നിഗമനം. കരുനാഗപ്പള്ളി പോലീസ് തിങ്കളാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പ്രാഥമികമായ പരിശോധനകള്‍ നടത്തിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരും പോലീസ് നായ്ക്കളും ചൊവ്വാഴ്ച രാവിലെ ഇവിടെ പരിശോധന നടത്തിവരികയാണ്. പത്ത് മണിയോടെ ജയചന്ദ്രന്റെ വീടിന്റെ പരിസരത്ത് കുഴിയെടുത്ത് പരിശോധിക്കുമെന്നാണ് ലഭ്യമായ വിവരം.
ജയചന്ദ്രന്റെ വീട്ടില്‍ ഭാര്യയും മകനുമുണ്ട്. നാട്ടുകാര്‍ക്ക് ജയചന്ദ്രനുമായി അത്ര അടുപ്പവുമില്ല. ഈ സാഹചര്യത്തില്‍ മൃതദേഹം കണ്ടെടുക്കേണ്ടത് കേസില്‍ അനിവാര്യതയാണ്. ഈ മാസം ആറുമുതലാണ് വിജയലക്ഷ്മിയെ കാണാതായത്. 13ന് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ജയചന്ദ്രന്‍ പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ദൃക്‌സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി.