- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും, അവന്റെ പെങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല്‍ കണ്ടൂടാ; അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്..; എന്റെ മോള്‍ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു'; ഷാര്‍ജയിലെ മലയാളി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം; വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജ
വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജ
കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച വിപഞ്ചിക (29) ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നതും.
വിപഞ്ചികയെ ഭര്‍തൃ പിതാവിനും ഭര്‍തൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നെന്നും, ഭര്‍ത്താവ് നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മാതാവ് ഷൈലജ വെളിപ്പെടുത്തി. നിതീഷിന്റെ പീഡനം കാരണമാണ് വിപഞ്ചിക മുടി മുറിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിതീഷിനെയും കുടുംബത്തെയും വെറുതെ വിടരുതെന്നും വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടു.
ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റിലാണ് ഒരേ കയറില്‍ തൂങ്ങിയ നിലയില്‍ വിപഞ്ചികയുടേയും മകള്‍ വൈഭവിയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കൊന്ന് അമ്മ ജീവനൊടുക്കിയതാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മകളെ കൊലപ്പെടുത്തിയതാണ് എന്ന ആരോപണവുമായി വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി.
സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമര്‍ശിക്കുന്ന വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരിയാണ് എല്ലാത്തിനും കാരണമെന്നും അമ്മ ആരോപിച്ചു. മകള്‍ കൊടിയപീഡനത്തിനിരയായ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ ഇതൊന്നും താന്‍ അനുവദിക്കില്ലായിരുന്നുവെന്നും കണ്ണീരോടെ വിപഞ്ചികയുടെ മാതാവ് പറഞ്ഞു.
'അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും. അവന്റെ പെങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല്‍ കണ്ടൂടാ. സ്വന്തം ഭര്‍ത്താവിന്റെ കൂടെ എങ്ങോട്ടെങ്കിലും പോകാന്‍ സ്വാതന്ത്ര്യം കൊടുക്കാത്ത നാത്തൂന്മാര്‍ എവിടെയെങ്കിലും ഉണ്ടോ. അവന്‍ ഫ്രണ്ട്‌സിന്റെ കുടുംബത്തിനൊപ്പം പോകുന്നതില്‍ കുഴപ്പമില്ല. എന്റെ മോളുടെ ഒപ്പം പോയാലാണ് പ്രശ്‌നം. ഇതൊക്കെ പോരാഞ്ഞിട്ട് സര്‍വതിനും ഈ ആങ്ങള വേണം. ഒരു കാര്യത്തിനും അവള്‍ എന്റെ മോളെ വിട്ടുകൊടുക്കില്ല എന്ന വാശി. എന്റെ മോള്‍ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു.
ആ ഫോട്ടോ കണ്ടിട്ട്. എന്നിട്ടും ഈ അമ്മയെ അറിയിക്കല്ലേ എന്ന് പറഞ്ഞല്ലോ. അമ്മയെ അറിയിക്കാതെ പോയല്ലോ.. ഞാനിത് കണ്ടപ്പോഴാ ഇത്രയും സഹിച്ചുവെന്ന് ഞാനറിഞ്ഞത്. ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. എന്റെ മോള്‍ക്ക് അവന്‍ മതിയായിരുന്നു. എന്റെ മോളെ മുടി മുറിച്ചു കളഞ്ഞല്ലോ...അവളെ അത്രത്തോളം പെങ്ങക്ക് കണ്ടൂട. അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്...' -കണ്ണീരോടെ വിപഞ്ചികയുടെ മാതാവ് പറഞ്ഞു.
വിപഞ്ചികയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. മരണത്തിന് ശേഷം ആണ് ഇത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. ടൈമര്‍ സെറ്റ് ചെയ്ത് വെച്ചായിരുന്നു അപ്ലോഡ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
കൊടിയ പീഡനമാണ് വിപഞ്ചിക ഭര്‍തൃവീട്ടില്‍ അനുഭവിച്ചതെന്നാണ് കുറിപ്പില്‍ നിന്ന് മനസ്സിലാകുന്നത്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തന്റെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചു കൊണ്ടു പോയി. ഏഴുമാസം ഗര്‍ഭിണിയായിക്കെ മോശമായ ഷവര്‍മ്മ വായില്‍ കുത്തികയറ്റി എന്നടക്കം കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് കാരണക്കാര്‍, ഒന്നാംപ്രതി ഭര്‍ത്താവിന്റെ സഹോദരി, രണ്ടാംപ്രതി ഭര്‍ത്താവ്, മൂന്നാം പ്രതി ഭര്‍ത്താവിന്റെ അച്ഛനാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.
തന്റെ കുഞ്ഞിന്റെ ചിരി കണ്ട് കൊതി തീര്‍ന്നിട്ടില്ല, എങ്കിലും മരിക്കാതിരിക്കാന്‍ സാധിക്കുന്നില്ല. പരമാവധി സഹിച്ചു, ഒരു തരത്തിലും ഭര്‍ത്താവില്‍ നിന്നുപോലും സ്‌നേഹം കിട്ടുന്നില്ല. ശാരീരിക മാനസികപീഡനം മാത്രമാണ് താന്‍ നേരിടുന്നതെന്നും യുവതി കുറിപ്പില്‍ പറയുന്നു. ഒരു വയസുള്ള കുട്ടിയ കയറിന്റെ ഒരറ്റത്ത് കൊലപ്പെടുത്തിയ ശേഷം മറ്റൊരു അറ്റത്ത് യുവതിയും തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ കൊലപാതകമാണ് ഇതെന്നാണ് കുടുംബം ആരോപിക്കുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ താന്‍ പീഡനം അനുഭവിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന വിപഞ്ചികയുടെ ശബ്ദ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ പിതാവും സഹോദരിയും തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
'അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്ളാറ്റ് വേണം സുഖിക്കണം. മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാന്‍ വാങ്ങിച്ചു. സ്വര്‍ണം ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് നിധീഷ് ഒന്നും വാങ്ങിച്ച് തരാന്‍ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാന്‍ പാടില്ല.ഇത് എന്റെ ഭാര്യാണ്, എന്റെ കുഞ്ഞാണ് എന്ന ചിന്ത നിധീഷിനില്ല. സ്വയം അടിച്ച് പൊളിച്ച നടക്കണം. ദിവസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തണം. കുഞ്ഞ് ആയതിന് മുമ്പ് ഇത്രയും പ്രശ്നം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞായതിന് ശേഷം അവനുംകൂടെ ചേര്‍ന്നു' പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ വിപഞ്ചിക പറയുന്നു.
ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം.
വിവാഹമോചനത്തിനായി ഇരുവരും നിയമനടപടികള്‍ ആരംഭിച്ചിരുന്നതായും വിപഞ്ചികയുടെ ബന്ധുവായ സരണ്‍ പറഞ്ഞു. അതേസമയം മരണകാരണം ഷാര്‍ജ പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം 16-ന് നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍ കരുതുന്നു. സംസ്‌കാരം പിന്നീട് മാതൃസഹോദരന്റെ വീടായ പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്.