- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാട്ടിലേക്ക് തിരിച്ച മലയാളി സൈനികനെ കാണാതായ സംഭവം; പൂനെ ക്യാമ്പിലെ സൈനിക ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി; ഫോണ്‍കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ക്യാമ്പില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ; വിഷ്ണു തിരോധാനത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ
കോഴിക്കോട്: എലത്തൂര്‍ സ്വദേശിയായ സൈനികനെ പൂനെയില്‍ നിന്നും കാണാതായ സംഭവത്തില്‍ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. പൂനെയിലെത്തിയ അന്വേഷണ സംഘം സൈനിക ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇരുപത് ദിവസത്തെ അവധിക്കായി ക്യാമ്പില്‍ നിന്നും വിഷ്ണു പോയിരുന്നതായി പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴി നല്‍കി. വിഷ്ണുവിന് ക്യാമ്പില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘത്തെ സൈന്യം അറിയിച്ചു. എലത്തൂര്‍ എസ്‌ഐ മുഹമ്മദ് സിയാദിനാണ് നാലംഗ അന്വേഷണ സംഘത്തിന്‍റെ ചുമതല.
പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനിക ഉദ്യോഗസ്ഥനാണ് വിഷ്ണു. ഈ മാസം 17 മുതലാണ് വിഷ്ണുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയത്. അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ അറിയിച്ച വിഷ്ണു 17ന് പുലര്‍ച്ചെ 2.20ന് കണ്ണൂരിലെത്തിയെന്ന് അമ്മക്ക് ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഈ ശബ്ദ സന്ദേശം അയക്കുമ്പോള്‍ വിഷ്ണുവിന്‍റെ മൊബൈല്‍ ഫോണ്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പൂനെയിലെത്തിയ അന്വേഷണ സംഘം ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴി വിശദമായി രേഖപ്പെടുത്തി. അടുത്ത മാസം അഞ്ച് വരെയാണ് വിഷ്ണു അവധിക്ക് അപേക്ഷിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചു. അവധി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ വിഷ്ണ 16ന് തന്നെ ക്യാമ്പില്‍ നിന്നും പോയിട്ടുണ്ടെന്നും സൈനികർ മൊഴി നൽകി. സൈനികനെ നാട്ടിലേക്കുള്ള യാത്രയിലാണ് കാണാതായതെന്നാണ് സംശയിക്കുന്നത്.
ക്യാമ്പില്‍ നിന്നും പുറത്തേക്ക് പോകുന്നതിന് മുമ്പായി വിഷ്ണുവിന് വന്ന ഫോണ്‍കോളുകളുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. വിഷ്‌ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പൂനെയിലേക്ക് തിരിച്ചത്. എടിഎം കാര്‍ഡില്‍ നിന്ന് വിഷ്ണു 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച വിവരവും പോലീസ് ശേഖരിച്ചു.
മഹാരാഷ്ട്ര പോലീസിന്‍റെ സഹായവും തേടി. അന്വേഷണ സംഘം പൂനെയില്‍ തുടരുകയാണ്. സംഭവത്തില്‍ സൈന്യം പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍ വിഗദ്ധരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. അടുത്ത മാസം വിവാഹിതനാകാനിരിക്കെയാണ് ബോക്സിംഗ് താരം കൂടിയായ വിഷ്ണുവിനെ പൂനെയില്‍ വെച്ച് കാണാതാകുന്നത്.