ചാലക്കുടി: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ മാരാംകോട് സ്വദേശിയും വ്‌ലോഗറുമായ ബിനീഷ് ബെന്നി (32)നെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോടതിയില്‍ ഹാജരാക്കുന്നതിനിടെ ബിനീഷ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രം നടത്തിയിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്. അഞ്ച് മാസം മുന്‍പ് പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയ കുഞ്ഞിനെ എടുക്കാന്‍ വന്ന യുവതിയെ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ചാലക്കുടി മജിസ്‌ട്രേട്ട് അവധിയില്‍ ആയിരുന്നതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. 2022 ല്‍ നിലമ്പൂരില്‍ സ്ത്രീ പീഡനത്തിനും 2017 ല്‍ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.