മുംബൈ: കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെക്കൊണ്ട് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭർത്താവ് ഒന്നരവർഷത്തിന് ശേഷം പിടിയിൽ. മുംബൈ സ്വദേശി സകറാമും ഇയാളുടെ മൂന്ന് കൂട്ടാളികളുമാണ് പൊലീസിന്റെ പിടിയിലായത്. 2024 ഒക്ടോബർ 14-ന് നടന്ന മരണം ആത്മഹത്യയാണെന്ന് കരുതി അവസാനിപ്പിച്ച ഘട്ടത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്.

സകാറാം, ഡിംപിൾ ചൗധരി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവർക്കൊപ്പം ജീവിക്കാൻ ഭാര്യ ഗീതാ ചൗധരി തടസ്സമാണെന്ന് കണ്ടതോടെയാണ് അവരെ ഒഴിവാക്കാൻ സകാറാം തീരുമാനിച്ചത്. രണ്ടുതവണ ഗീതയെ വകവരുത്താൻ സകാറാം നേരിട്ട് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് സുഹൃത്തായ ശങ്കർ ഡാങ്കിക്ക് 6.7 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയത്. ശങ്കർ മറ്റ് രണ്ടുപേരുടെ സഹായത്തോടെ ഗീതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം അടുക്കളയിലെ ഫാനിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർത്തു.

സംഭവസ്ഥലത്തെ തെളിവുകളുടെയും ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ പൊലീസ് ഇത് ആത്മഹത്യയായിട്ടാണ് രേഖപ്പെടുത്തിയത്. അന്ത്യകർമങ്ങൾക്കായി മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. എന്നാൽ മകളുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ പിതാവ് ഭനറാം ചൗധരി രാജസ്ഥാൻ പൊലീസിൽ പരാതി നൽകി. പിതാവിന്റെ നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചത്.

രണ്ടാം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ സകാറാമിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സകാറാം കുറ്റം സമ്മതിച്ചു. കാമുകിക്കൊപ്പം ജീവിക്കാനുള്ള ആഗ്രഹമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇയാൾ വെളിപ്പെടുത്തി. ക്വട്ടേഷൻ സ്വീകരിച്ച ശങ്കർ ഡാങ്കിയെയും ഇയാളുടെ സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.