പാലക്കാട്: ദുർമന്ത്രവാദ ക്രിയകൾക്കു ശേഷം പരിഹാരക്രിയക്ക് പുഴയിലിറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ് (40), കോയമ്പത്തൂർ സ്വദേശി യുവരാജ് (18) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് ദാരുണമായ സംഭവം നടന്നത്.

കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്‍റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയക്ക് എത്തിയ 18 കാരനായ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

കോയമ്പത്തൂർ സ്വദേശിയായ യുവരാജിന്‍റെ അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് ഹസൻ മുഹമ്മദിന്‍റെ അടുത്ത് മന്ത്രവാദ സഹായം തേടി എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന പരാതിയുമായാണ് കുടുംബം ഹസൻ മുഹമ്മദിനെ സമീപിച്ചത്. കഴിഞ്ഞ ശനിയാഴ്ച കുടുംബം ഹസൻ മുഹമ്മദിന്‍റെ അടുത്ത് എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് രാവിലെ 10.30 ഓടെയാണ് യുവരാജും കുടുംബവും കൊഴിഞ്ഞാമ്പാറയിലെത്തിയത്.

ദുർമന്ത്രവാദ ക്രിയകൾ പൂർത്തിയാക്കിയ ശേഷം, യുവരാജിന് ദോഷങ്ങൾ മാറുന്നതിനായി പുഴയിലിറങ്ങി കുളിക്കാനും കർമ്മങ്ങൾ ചെയ്യാനും ഹസൻ മുഹമ്മദ് നിർദ്ദേശിച്ചതായാണ് സൂചന. എന്നാൽ, പുഴയിലെ ആഴം കണക്കിലെടുക്കാതെ ഇരുവരും നടത്തിയ ക്രിയകൾക്കിടയിൽ ഒഴുക്കിൽപ്പെട്ടതാകാം മരണകാരണമെന്ന് സംശയിക്കുന്നു.

സംഭവത്തെക്കുറിച്ച് കൊഴിഞ്ഞാമ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്ത് നാട്ടുകാരുടെ വലിയ പങ്കാളിത്തത്തോടെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താൻ അധികൃതർക്ക് ഏറെ സമയമെടുത്തു. ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തമാകൂ.