മുംബൈ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ വ്യാജരേഖകള്‍ ചമച്ച് പാകിസ്ഥാനില്‍ പോയ യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയും മഹാരാഷ്ട്രയിലെ താനെയില്‍ താമസക്കാരിയുമായ 23-കാരിക്കെതിരേയാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. വ്യാജരേഖകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കിയ താനെയിലെ വ്യാപാരിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

പാകിസ്ഥാനിലേക്ക് പോകുന്നതിനായി പാസ്പോര്‍ട്ട് നേടുന്നതിന് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 23 -കാരിക്കെതിരെ താനെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യാജ പാസ്പോര്‍ട്ടും വിസയും നേടിയാണ് യുവതി മകളോടൊപ്പം പാകിസ്ഥാനിലേക്ക് പോയതെന്ന് പോലീസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാജ രേഖകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ച ഒരു സ്ത്രീക്കും അജ്ഞാതനായ മറ്റൊരു വ്യക്തിക്കുമെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമത്തിനും മറ്റ് പ്രസക്തമായ നിയമങ്ങള്‍ക്കും കീഴിലാണ് വര്‍ത്തക് നഗര്‍ പോലീസ് കേസെടുത്ത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാം കാമുകനെ വിവാഹം കഴിക്കാനായാണ് യുവതി കഴിഞ്ഞവര്‍ഷം രണ്ടുമക്കളോടൊപ്പം പാക്കിസ്ഥാനില്‍ പോയത്. ഇതിനായി യുവതി വ്യാജരേഖകള്‍ ചമച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. മറ്റൊരു പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മക്കളുടെ പേരില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നിര്‍മിക്കുകയും തുടര്‍ന്ന് ഇത് ഉപയോഗിച്ച് വ്യാജപേരില്‍ പാസ്പോര്‍ട്ട് സ്വന്തമാക്കുകയുമായിരുന്നു.

സനം ഖാന്‍ എന്നറിയപ്പെടുന്ന നഗ്മ നൂര്‍ മക്സൂദ് അലി എന്ന യുവതിയാണ് പ്രായപൂര്‍ത്തിയാകാത്ത മകളോടൊപ്പം ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയത്. മകളുടെ യാത്ര രേഖകള്‍ ശരിയാക്കുന്നതിനായി ഇവര്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി നിര്‍മ്മിച്ചു. ഇത് ഉപയോഗിച്ചാണ് ഇവര്‍ മകള്‍ക്കും തനിക്കും വിസ സംഘടിപ്പിച്ചതെന്ന് വര്‍ത്തക് നഗര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

താനെയില്‍ വ്യാപാരസ്ഥാപനം നടത്തുന്നയാളാണ് യുവതിക്ക് ഇതിന് സഹായം നല്‍കിയത്. ഈ വ്യാജരേഖകള്‍ സഹിതം യുവതി പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുകയും പോലീസ് വെരിഫിക്കേഷന്‍ ലഭിക്കുകയുംചെയ്തു. പിന്നാലെ ഇതേ പാസ്പോര്‍ട്ട് ഉപയോഗിച്ച് യുവതി പാകിസ്താനിലേക്ക് യാത്രചെയ്തെന്നാണ് പോലീസ് പറയുന്നത്.

വിവാഹിതയും രണ്ട് പെണ്‍മക്കളുടെ അമ്മയുമായ 23-കാരി കഴിഞ്ഞവര്‍ഷമാണ് മാതാവിനൊപ്പം താമസിക്കാനായി യു.പി.യില്‍നിന്ന് താനെയിലെത്തിയത്. ഭര്‍ത്താവിന്റെ ഉപദ്രവം കാരണമാണ് യുവതി നാടുവിട്ട് താനെയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായി. ഈ സൗഹൃദം പ്രണയമായി വളരുകയും ഇരുവരും വിവാഹംകഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവാവിന്റെ സ്വദേശമായ പാക്കിസ്ഥാനിലെ അബോട്ടബാദിലേക്ക് പോകാനായി യുവതി വ്യാജ തിരിച്ചറിയല്‍രേഖകള്‍ നിര്‍മിച്ചത്.

പാക്കിസ്ഥാനിലേക്ക് പോയാല്‍ തന്റെ ഭര്‍ത്താവ് അന്വേഷിക്കുമെന്നും പോലീസിനെ സമീപിക്കുമെന്നും യുവതി ഭയന്നിരുന്നു. അതിനാല്‍ ഒരിക്കലും പിടികൊടുക്കാതിരിക്കാനാണ് മറ്റൊരു പേരില്‍ വ്യാജ രേഖകള്‍ നിര്‍മിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറോടെയാണ് യുവതി രണ്ട് മക്കള്‍ക്കൊപ്പം പാകിസ്താനിലെ അബോട്ടബാദിലേക്ക് പോയത്. ഒരുമാസത്തെ വിസയില്‍ പാക്കിസ്താനിലെത്തിയ യുവതി കാമുകനെ വിവാഹം കഴിച്ചു. തുടര്‍ന്ന് ആറുമാസത്തേക്ക് കൂടി വിസ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിപ്പോയി. ഇതോടെയാണ് യുവതി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായത്.

വിസാ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷ കിട്ടിയതോടെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇക്കാര്യം കേന്ദ്ര ഏജന്‍സികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെങ്കിലും യുവതി പാക്കിസ്താനില്‍നിന്ന് തിരിച്ചെത്തിയശേഷം മാത്രമാണ് ഇവര്‍ ഉപയോഗിച്ചതെല്ലാം വ്യാജരേഖകളായിരുന്നുവെന്ന് കണ്ടെത്തിയത്. 2023 ഒക്ടോബറില്‍ പാക്കിസ്താനിലേക്ക് പോയ യുവതി അമ്മയ്ക്ക് സുഖമില്ലാതായതോടെ നവംബറില്‍ തന്നെ തിരികെ താനെയിലെത്തിയെന്നും പോലീസ് പറഞ്ഞു. ജൂലായ് 20-നാണ് സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്.

വിവാഹശേഷം പാകിസ്ഥാനില്‍ ഏകദേശം ഒന്നര മാസത്തോളം താമസിച്ച ഇവര്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. യുവതിയിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. യുവതി പാക്കിസ്ഥാനിലേക്ക് പോയതിനും പിന്നീട് മടങ്ങിയെത്തിയതിനും പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് മക്‌സൂദ് അലി എന്നയാളെ കുറിച്ച് പൊലീസിന് ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ച് വരികാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിനായി യുവതിയെ സഹായിച്ചയാളെപ്പറ്റിയും അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. 2023 മെയ് മാസത്തിനും 2024 ജൂണിനും ഇടയിലാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങള്‍ നടന്നതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.