ആഗ്ര: ശാസ്ത്രിപുരത്തെ 'ദി ഹെവൻ' ഹോട്ടലിന്റെ ഒന്നാംനിലയിൽ നിന്ന് നഗ്നയായ യുവതി താഴെ വീണു. യു.പിയിലെ ആഗ്രയിലാണ് ഞെട്ടിക്കുന്ന സംഭവം. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി പശ്ചിമ്പുരിയിലെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഹോട്ടലിലെ ഒന്നാംനിലയിലെ നാലാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിൽ ജന്മദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട ബലൂണുകളും അലങ്കാരങ്ങളും കണ്ടെത്തി. 'ഹാപ്പി ബർത്ത്ഡേ' എന്നും മുറിയിൽ എഴുതിയിരുന്നു. മുറി ആകെയൊരു അലങ്കോലപ്പെട്ട നിലയിലായിരുന്നു.

യുവതി തന്റെ സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാനാണ് ഹോട്ടലിൽ എത്തിയതെന്നും അപ്പോഴാണ് അപകടം സംഭവിച്ചതെന്നും പൊലീസ് കരുതുന്നു. അപകടകാരണം വ്യക്തമാകണമെങ്കിൽ സുഹൃത്തിനെ കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഹോട്ടലിലെ ജീവനക്കാരും സംഭവസ്ഥലത്ത് നിന്ന് മുങ്ങിയിട്ടുണ്ട്.

അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരി പർവത് സഞ്ജയ് മഹാദിക് സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. സമീപവാസികളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.