മേൽപറമ്പ്: കാസർകോട് മേൽപറമ്പിൽ പ്രണയവിവാഹം കഴിഞ്ഞ് നാലുമാസം തികയും മുൻപ് നവവധു ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ നന്ദന താൻ മരിക്കാൻ പോകുകയാണെന്ന് അമ്മയ്ക്ക് അയച്ച സന്ദേശമാണ് ദാരുണമായ സംഭവം നടന്നത്.

ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളായ നന്ദന, രഞ്ജേഷുമായുള്ള പ്രണയവിവാഹത്തിലൂടെയാണ് ദാമ്പത്യജീവിതം ആരംഭിച്ചത്.

സംഭവ ദിവസം രാവിലെ നന്ദന അമ്മ സീനയ്ക്ക് "ഞാൻ മരിക്കാൻ പോകുന്നു" എന്ന് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ചയുടൻ അമ്മ ഭർതൃവീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ, മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് നന്ദനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

മേൽപറമ്പ് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.