കുര്‍ണൂല്‍: പ്രണയിച്ച ഡോക്ടര്‍ മറ്റൊരു വിവാഹം ചെയ്തതില്‍ യുവതിയുടെ പ്രതികാരം. മുന്‍ കാമുകന്റെ ഭാര്യയായ ഡോക്ടറുടെ ദേഹത്ത് എച്ച്.ഐ.വി രക്തം കുത്തിവച്ചാണ് യുവതി പ്രതികാരം ചെയ്തത്. സംഭവത്തില്‍ മുന്‍ കാമുകിയുള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു.

കുര്‍ണൂല്‍ സ്വദേശിയായ ബി. ബോയ വസുന്ധര എന്ന യുവതിയാണ് കൃത്യത്തിന് പിന്നില്‍. സംഭവത്തില്‍ 20 വയസുള്ള രണ്ട് പേരെയും സ്വകാര്യ ആശുപത്രിയിലെ നഴ്സിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതികളുടെ സഹായത്തോടെ റോഡപകടം സൃഷ്ടിച്ച ശേഷമാണ് വസുന്ധര ഡോക്ടറുടെ ദേഹത്ത് എച്ച്‌ഐവി കുത്തിവച്ചത്.

ജനുവരി 9 ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കര്‍ണൂലിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറര്‍ കൂടിയായ വനിതാ ഡോക്ടര്‍ ഉച്ചഭക്ഷണത്തിനായി ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ ഡോക്ടര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മനഃപൂര്‍വ്വം ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് പ്രതി സഹായം വാഗ്ദാനം ചെയ്യാനെന്ന തരത്തില്‍ അവരെ സമീപിച്ചു. പിന്നാലെ വനിതാ ഡോക്ടറെ പ്രതി ഓട്ടോറിക്ഷയില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതിനിടെ ഡോക്ടര്‍ ബഹളം വച്ചതോടെ, പ്രതി വസുന്ധര ഓടിരക്ഷപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളില്‍ നിന്നാണ് പ്രതി എച്ച്‌ഐവി ബാധിത രക്തസാമ്പിളുകള്‍ ശേഖരിച്ചത്. ഗവേഷണ ആവശ്യങ്ങള്‍ക്കായെന്ന് പറഞ്ഞാണ് പ്രതി എച്ച്‌ഐവി രക്തം ശേഖരിച്ചതെന്നും പൊലീസ് പറഞ്ഞു. പിന്നീട് വസുന്ധര എച്ച്‌ഐവി ബാധിച്ച രക്തം റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ആക്രമണസമയത്ത് ഈ സാമ്പിള്‍ വനിതാ ഡോക്ടറുടെ ദേഹത്ത് കുത്തിവയ്ക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

തന്റെ മുന്‍ കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് യുവതിയെ ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചത്. പ്രതി ദമ്പതികളെ വേര്‍പെടുത്താന്‍ നേരത്തെ ഗൂഢാലോചന നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഇരയുടെ ഭര്‍ത്താവായ ഡോക്ടര്‍ യുവാവ് കര്‍ണൂല്‍ കകക ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിക്ക് പിന്നാലെ കുര്‍ണൂല്‍ സ്വദേശിയായ ബി. ബോയ വസുന്ധര കോങ്കെ ജ്യോതി (40), 20 വയസ്സുള്ള രണ്ട് യുവാക്കള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.