ഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന ഇന്നത്തെ 'റീൽ' ഭ്രാന്തിന്റെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ബെംഗളൂരുവിൽ നിന്ന് പുറത്തുവരുന്നത്. സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച ഒരു യുവതിയും കുടുംബവുമാണ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തപ്പെട്ടത്. ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലായിരുന്നു സിനിമാ തിരക്കഥയെ വെല്ലുന്ന ഈ സംഭവങ്ങൾ അരങ്ങേറിയത്.

വലിയൊരു ചാക്കുമായി ഓഫീസിലെത്തിയ കുടുംബം അത് പാഴ്സൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉള്ളിലുള്ളത് എന്താണെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. സംശയം തോന്നിയ ജീവനക്കാർ ചാക്ക് തുറന്നപ്പോൾ കണ്ടത് ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ഉള്ളിലുണ്ടായിരുന്ന ഒരു പ്രായമായ മനുഷ്യനെയാണ്.

ഉത്സവ സീസണുകളിൽ ബസ്സിലും ട്രെയിനിലും ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞ വിചിത്രമായ ന്യായീകരണം. ടിക്കറ്റ് എടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഒരാളെ കൊറിയർ വഴി അയക്കാമെന്ന് കാണിക്കാനായിരുന്നുവത്രെ ഈ പരീക്ഷണം.

ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുടുംബത്തെ കസ്റ്റഡിയിലെടുത്തു. എന്നാൽ തങ്ങളുടെ പ്രവർത്തി അതീവ അപകടകരമാണെന്ന് കുടുംബം സമ്മതിക്കുകയും പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തതോടെ കേസെടുക്കാതെ ഇവരെ വിട്ടയച്ചു. ക്ഷമ ചോദിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്യിപ്പിച്ച ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ലൈക്കിനും വ്യൂസിനും വേണ്ടി സ്വന്തം മാതാപിതാക്കളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു. ഇത്തരം അപകടകരമായ വീഡീയോകൾ ചെയ്യുന്നവർക്കെതിരെ കേസെടുക്കണമെന്നും 'റീലുകൾ' നിരോധിക്കണമെന്നുപോലും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കർശനമായ അറസ്റ്റ് നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് കുടുംബത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.