- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'നീ കറുത്തവനാണ്, എനിക്ക് ചേർന്നവനല്ല'; ഭർത്താവിന്റെ നിറത്തെ പരിഹസിച്ചു; കാമുകനൊപ്പം വാഴാൻ ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; കവർച്ചാ നാടകം കളിച്ച് കരഞ്ഞു, ആഭരണങ്ങൾ വീടിനുള്ളിൽ ഒളിപ്പിച്ചു; പക്ഷേ ആ ഫോൺ കോളുകൾ പ്രിയങ്കയെ ചതിച്ചു; വ്യാപാരിയുടെ കൊലപാതകത്തിൽ 25കാരിയും കാമുകനും അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ സുഗന്ധവ്യഞ്ജന വ്യാപാരിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് കരുതിയ കേസിൽ, കൊല്ലപ്പെട്ട ദേവ്കൃഷ്ണയുടെ (28) ഭാര്യ പ്രിയങ്കയും (25) കാമുകൻ കമലേഷും പിടിയിലായതോടെയാണ് വഞ്ചനയുടെയും ക്രൂരതയുടെയും ചുരുളഴിയുന്നത്.
ഏപ്രിൽ 7-ന് രാത്രിയാണ് ദേവ്കൃഷ്ണ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ കവർച്ചക്കാർ ഭർത്താവിനെ വധിച്ചെന്നും 3.5 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്നുമാണ് പ്രിയങ്ക പോലീസിന് മൊഴി നൽകിയത്. തന്നെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നും ഇവർ വിശ്വസിപ്പിച്ചു. എന്നാൽ പ്രിയങ്കയുടെ മൊഴികളിലെ വൈരുദ്ധ്യവും വീടിനുള്ളിൽ തന്നെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 'മോഷ്ടിക്കപ്പെട്ട' ആഭരണങ്ങളും പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രിയങ്കയും കാമുകൻ കമലേഷും തമ്മിലുള്ള ഗൂഢാലോചന പുറത്തുവരികയായിരുന്നു.
കമലേഷുമായുള്ള പ്രിയങ്കയുടെ ബന്ധത്തെക്കുറിച്ചും കൊലപാതകം നടന്ന സമയത്തെ ഫോൺ കോളുകളുടെ ക്രമത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. ദേവ്കൃഷ്ണയുടെ നിറത്തെച്ചൊല്ലി പ്രിയങ്ക നിരന്തരം പരിഹസിക്കാറുണ്ടായിരുന്നുവെന്ന് സഹോദരി ജ്യോതി പറഞ്ഞു. "നീ കറുത്തവനാണ്, എനിക്ക് ഒട്ടും ചേർന്നവനല്ല, എനിക്ക് ഇതിലും നല്ലൊരാളെ അർഹതയുണ്ട്" എന്നിങ്ങനെ പറഞ്ഞ് ദേവ്കൃഷ്ണയെ ഇവർ മാനസികമായി പീഡിപ്പിച്ചിരുന്നു. മൊബൈൽ ഫോണിൽ എപ്പോഴും മുഴുകിയിരുന്ന പ്രിയങ്ക വീട്ടുജോലികൾ ചെയ്യാൻ വിസമ്മതിച്ചിരുന്നു.
2020 മുതൽ ഇവർക്ക് മറ്റൊരു ബന്ധമുള്ളതായി സംശയമുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു. കാമുകൻ കമലേഷിനൊപ്പം ജീവിക്കാൻ ദേവ്കൃഷ്ണ തടസ്സമാണെന്ന് കണ്ടതോടെയാണ് പ്രിയങ്ക കൊലപാതകം ആസൂത്രണം ചെയ്തത്. സുരേന്ദ്ര ഭാട്ടി എന്നയാൾക്ക് ഒരു ലക്ഷം രൂപയ്ക്ക് ഇവർ ക്വട്ടേഷൻ നൽകി. 50,000 രൂപ അഡ്വാൻസ് നൽകി. കൊലപാതകം നടന്ന രാത്രിയിൽ പ്രിയങ്ക തന്നെ വീടിന്റെ വാതിൽ തുറന്നിട്ടു. ഉറങ്ങിക്കിടന്ന ദേവ്കൃഷ്ണയെ സുരേന്ദ്ര അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രിയങ്ക കുറ്റം സമ്മതിച്ചു. പ്രിയങ്കയെയും കാമുകൻ കമലേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ ഏറ്റെടുത്ത സുരേന്ദ്ര ഭാട്ടിക്കായി തിരച്ചിൽ തുടരുകയാണ്. തന്റെ മകനെ കൊന്നവർക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ദേവ്കൃഷ്ണയുടെ അമ്മ പറഞ്ഞു. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് അമ്മ ഖിയാഞ്ചി ഭായ് ആവശ്യപ്പെട്ടു. "പ്രതികളെ എല്ലാവരെയും വധശിക്ഷയ്ക്ക് വിധിക്കണം. എനിക്ക് നീതി മാത്രം മതി, മറ്റൊന്നും വേണ്ട," അവർ പറഞ്ഞു. പ്രിയങ്കയുടെ കഴിഞ്ഞ കുറേ വർഷങ്ങളിലെ പെരുമാറ്റത്തെക്കുറിച്ച് സഹോദരി ജ്യോതി അസ്വസ്ഥമാക്കുന്ന വിവരങ്ങളാണ് പങ്കുവെച്ചത്.
"അവൾ എന്റെ സഹോദരനുമായി എപ്പോഴും വഴക്കിടുമായിരുന്നു. എപ്പോഴും ഫോണിൽ തന്നെയായിരുന്നു അവളുടെ ലോകം. അവനെ അവൾ ഒരുപാട് അപമാനിച്ചിരുന്നു. 2020 മുതൽ അവൾക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. 'നീ കറുത്തവനാണ്, നീ എന്നെ അർഹിക്കുന്നില്ല' എന്ന് പ്രിയങ്ക അവനോട് കൂടെക്കൂടെ പറയാറുണ്ടായിരുന്നു. കുടുംബത്തിൽ സമാധാനം വേണമെന്ന് കരുതി എന്റെ സഹോദരൻ ഇതെല്ലാം സഹിക്കുകയായിരുന്നു," ജ്യോതി പറഞ്ഞു.
പ്രിയങ്ക ഇടയ്ക്കിടെ ദീർഘകാലം വീട്ടിൽ നിന്ന് മാറി നിൽക്കാറുണ്ടായിരുന്നുവെന്നും വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നുവെന്നും ജ്യോതി ആരോപിച്ചു. തന്റെ പെരുമാറ്റത്തെക്കുറിച്ച് അവർ സംസാരിക്കാതിരിക്കാൻ ദേവ്കൃഷ്ണയും അമ്മയും തമ്മിൽ അകലം സൃഷ്ടിക്കാനും അവൾ ശ്രമിച്ചിരുന്നു. പെട്ടെന്നുണ്ടായ ഒരു അക്രമമല്ല ഇതെന്നും പൊലീസ് പറയുന്നു.


