റെയിൽവേയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നിരവധി സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും, യാത്രയ്ക്കിടെ ദുരനുഭവങ്ങൾ ഉണ്ടാകുന്നതായി പരാതികൾ ഉയരുന്നു. അടുത്തിടെ ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധന നടത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് ദുരനുഭവം നേരിട്ടതായി ഒരു യുവതിയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥൻ പിന്നീട് ഇൻസ്റ്റഗ്രാമിൽ പിന്തുടരാൻ റിക്വസ്റ്റ് അയച്ചുവെന്നാണ് യുവതിയുടെ ആരോപണം.

റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് യുവതി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചത്. "അടുത്തിടെ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയുണ്ടായി. ടിക്കറ്റ് ചെക്കർ എന്റെ ടിക്കറ്റ് പരിശോധിച്ചു. അതിനുശേഷം ഉദ്യോഗസ്ഥൻ എങ്ങനെയോ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ കണ്ടെത്തി ഫോളോ റിക്വസ്റ്റ് അയച്ചു. റിസർവേഷൻ ചാർട്ടിൽ നിന്നാണ് ഉദ്യോഗസ്ഥന് എന്റെ പേരും മറ്റ് വിവരങ്ങളും ലഭിച്ചത്. ഇത് അൽപ്പം ഭയങ്കരമായി തോന്നി. യാത്രക്കാർ ടിക്കറ്റ് എടുക്കാൻ നൽകുന്ന സ്വകാര്യ വിവരങ്ങൾ ഇങ്ങനെ ദുരുപയോഗം ചെയ്യാനാകുമോ?" യുവതി കുറിച്ചു.

ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായതോടെ, ട്രെയിൻ യാത്രകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പലരും പങ്കുവെക്കാൻ തുടങ്ങി. യുവതിക്ക് പരാതി നൽകാൻ പലരും നിർദ്ദേശം നൽകി. ടിക്കറ്റ് പരിശോധനയ്ക്ക് എത്തുന്നവരുമായി ഇടപഴകുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഫോളോ റിക്വസ്റ്റ് സ്വീകരിക്കുകയാണെങ്കിൽ തുടർച്ചയായി സന്ദേശങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ചിലർ മുന്നറിയിപ്പ് നൽകി.

ഇതുപോലെയുള്ള മറ്റ് ദുരനുഭവങ്ങളും ചിലർ പങ്കുവെച്ചു. ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം അ വൾക്കൊപ്പം വരാൻ ആവശ്യപ്പെട്ടെന്നും, ഫോൺ നമ്പർ നൽകാനും സൗഹൃദത്തിലാകാനും പ്രേരിപ്പിച്ചെന്നും ഒരു യുവതി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങൾ റെയിൽവേയിലെ പൊതുവായ സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതായും യാത്രക്കാർക്ക് ആശങ്കയുളവാക്കുന്നതായും വിലയിരുത്തപ്പെടുന്നു.

റെയിൽവേ ഏർപ്പെടുത്തിയിട്ടുള്ള വനിതാ റിസർവേഷൻ കമ്പാർട്ട്‌മെന്റുകൾ, സിസിടിവി നിരീക്ഷണം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (RPF) നിരീക്ഷണം, ഹെൽപ്പ്‌ലൈൻ നമ്പറുകൾ തുടങ്ങിയ സംവിധാനങ്ങൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, വ്യക്തിഗത തലത്തിലുള്ള ഇത്തരം അനുഭവങ്ങൾ യാത്രക്കാർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.