ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ട്രെയിനില്‍ യുവതി നേരിട്ട ലൈംഗിക അതിക്രമം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. യാത്രാമധ്യേ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പണവും മൊബൈല്‍ ഫോണും കവര്‍ന്നതായും 35 കാരി പൊലീസിനോട് വ്യക്തമാക്കി.

ഒക്ടോബര്‍ 13-നാണ് സംഭവം നടന്നത്. രാജമഹേന്ദ്രവാരം സ്വദേശിനിയായ യുവതി സാന്ദ്രഗാച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ ചാര്‍ലപ്പള്ളിയിലേക്കാണ് യാത്ര ചെയ്തിരുന്നത്. വനിതാ യാത്രക്കാര്‍ക്കായി മാറ്റിവെച്ച കോച്ചിലായിരുന്നു അവര്‍. ഗുണ്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അജ്ഞാതനായ ഏകദേശം 40 വയസുകാരന്‍ ബോഗിയിലേക്ക് കയറാന്‍ ശ്രമിച്ചു. സ്ത്രീ എതിര്‍ത്തിട്ടും ഇയാള്‍ ബലം പ്രയോഗിച്ച് അകത്ത് കടന്നതായി പറയുന്നു.

ട്രെയിന്‍ വീണ്ടും യാത്രതുടങ്ങിയതോടെ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു. പിന്നീട് 5600 രൂപ പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പെദകുറപദു റെയില്‍വേ സ്റ്റേഷനിലേക്കെത്തുമ്പോഴേക്കും ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടുവെന്നാണ് പരാതി.

യുവതി ചാര്‍ലപ്പള്ളിയിലെത്തിയ ശേഷം സംഭവവിവരം സെക്കന്തരാബാദ് റെയില്‍വേ പൊലീസിനെ അറിയിച്ചു. തുടര്‍ന്നു പൊലീസ് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് സംഭവമുണ്ടായ മേഖലയായ നദിക്കുടി റെയില്‍വേ സ്റ്റേഷനിലേക്ക് കൈമാറി. പ്രതിയെ കണ്ടെത്താനായി നിരവധി സംഘങ്ങള്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. റെയില്‍വേ സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന ആരോപണത്തോടൊപ്പം, വനിതാ ബോഗികളില്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.