കണ്ണൂര്‍ : സീഡ് സൊസൈറ്റി നടത്തിയ വ്യാപകമായ പകുതി വില തട്ടിപ്പ് കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും ലീഗല്‍ അഡൈ്വസറുമായ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റുള്ളവര്‍ക്കെതിരെ പരാതി പ്രളയം.

കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇവരെ ഏഴാം പ്രതിയാക്കിയെടുത്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിച്ചു അറസ്റ്റു തടഞ്ഞിട്ടുണ്ട്. എന്നാല്‍ ലാലി വിന്‍സെന്റിനെതിരെയുള്ള പരാതി ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇവര്‍ സീഡ് സൊസെറ്റിയുടെ പ്രമോഷനായി അനന്തു കൃഷ്ണനോടൊപ്പം പല തവണ കണ്ണൂര്‍ സന്ദര്‍ശിച്ചതായി പരാതിക്കാര്‍ കണ്ണൂര്‍ ടൗണ്‍ പൊലി സില്‍ പരാതി നല്‍കി.

പകുതി വിലയ്ക്ക് സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചുവെന്നും, ഓഫറില്‍ സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളില്‍ നിന്നും 60.000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പുതുതായി പതിനഞ്ച് കേസുകള്‍ കൂടി കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയ്യില്‍, വളപട്ടണം, ചക്കരക്കല്‍, പൊലിസ് സ്റ്റേഷന്‍ പരിധികളിലാണ് കേസെടുത്തത്.

സീഡ് സൊസൈറ്റി ജില്ലാ പ്രമോട്ടറായ രാജമണിക്കെതിരെയും ചക്കരക്കല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. സീഡ് കോ ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ മറ്റു ഏഴു പേരാണ് നേരത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസിലെ പ്രതികള്‍. ഈ കേസിലാണ് കോണ്‍ഗ്രസ് നേതാവ് ലാലിവിന്‍സെന്റ് മുന്‍കൂര്‍ ജാമ്യം നേടിയത്.

മയ്യില്‍ പൊലിസ് സ്റ്റേഷനില്‍ മാത്രം ഏഴു കേസുകളാണ് വ്യാഴാഴ്ച്ച രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ പരാതികള്‍ കൂടിയതോടെ സീഡ് സൊസെറ്റിയുടെ പ്രാദേശിക പ്രമോട്ടര്‍മാരില്‍ പലരും ഫോണ്‍ സ്വിച്ച് ഓഫാക്കി രഹസ്യ കേന്ദ്രങ്ങളിലേക്ക് മുങ്ങിയിട്ടുണ്ട്.