- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആണ്‍സുഹൃത്തിനൊപ്പം ശാസ്താംകോട്ട തടാകതീരത്തിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; പലയിടത്തും കറങ്ങിയ ശേഷം വഴിയില്‍ ഇറക്കി വിട്ടു: യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലിസ്
ആൺസുഹൃത്തിനൊപ്പമിരുന്ന യുവതിയെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി
കൊല്ലം: ശാസ്താംകോട്ട തടാകത്തിന്റെ തീരത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ചിരുന്ന പെണ്‍കുട്ടിയെ പോലീസ് ചമഞ്ഞെത്തിയ യുവാവ് കാറില്‍ കടത്തിക്കൊണ്ടുപോയി. പലയിടത്തും കറങ്ങിയശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടു. ആണ്‍സുഹൃത്തില്‍ നിന്നും സംഭവമറിഞ്ഞ പോലിസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി.
കൊല്ലം പെരിനാട് കടവൂര്‍ ലാല്‍മന്ദിരത്തില്‍ വിഷ്ണുലാല്‍ (34) ആണ് ശാസ്താംകോട്ട പോലീസിന്റെയും പിങ്ക് പോലീസിന്റെയും തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റിലായത്. സുഗന്ധവ്യഞ്ജനത്തൈ വ്യാപാരിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. പൊതുപ്രവര്ത്തകന് എന്ന് പരിചയപ്പെടുത്തി തടാകതീരത്തെ ആശാസ്യമല്ലാത്ത പ്രവൃത്തികളെപ്പറ്റി വിഷ്ണുലാല്‍ പലവട്ടം പിങ്ക് പോലീസിനെ അറിയിച്ചിരുന്നതായും അതിനാലാണ് പെട്ടെന്ന് അയാളെ കുടുക്കാന്‍ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു.
മലപ്പുറം സ്വദേശിയായ യുവാവിനൊപ്പം എത്തിയ നവമാധ്യമംവഴി പരിചയപ്പെട്ട പത്തൊന്‍പതുകാരിയെ ആണ് വിഷ്ണുലാല്‍ തട്ടിക്കൊണ്ടു പോയത്. യുവതിയും സുഹൃത്തും ശാസ്താംകോട്ട തടാകക്കരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ വിഷ്ണുലാല്‍ അവിടെയെത്തി. പോലീസാണെന്നു പരിചയപ്പെടുത്തിയ ഇയാള്‍ ഇരുവരോടും ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഇതോടെ ഇരുവരും ഭയന്നു പോയി.
യുവാവിനോട് നടന്നുവരാന്‍ പറഞ്ഞശേഷം യുവതിയെ സ്റ്റേഷനിലേക്കാണെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി. എന്നാല്‍ ഇയാള്‍ സ്റ്റേഷനില്‍ എത്തിയില്ല. സ്റ്റേഷനിലെത്തിയ യുവാവ്, യുവതിയെ അവിടെ കാണാതായതോടെ വിവരം പോലീസിനെ അറിയിച്ചു. വണ്ടി കണ്ടെത്താന്‍ പോലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചു. കാക്കി കാലുറ ധരിച്ച ഒരാള്‍ രാവിലെമുതല്‍ തടാകതീരത്ത് ഉണ്ടായിരുന്നെന്നും അയാള്‍ പിങ്ക് പോലീസുമായി സംസാരിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പിങ്ക് പോലീസ് വിഷ്ണുലാലിനെ ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി ഭരണിക്കാവ് ജങ്ഷനില്‍വെച്ച് പിടികൂടുകയായിരുന്നു.
പലയിടത്തും കാറില്‍ കറങ്ങിയശേഷം കടപുഴ പാലത്തിനു സമീപം കിഴക്കേ കല്ലട ഭാഗത്ത് യുവതിയെ ഇറക്കിവിട്ടതായി ചോദ്യംചെയ്തപ്പോള്‍ പ്രതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ. ആര്.രാജേഷ്, എസ്.ഐ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് യുവതിയുടെ വീട്ടിലെത്തി അവിടെ എത്തിയെന്ന് ഉറപ്പിച്ചു. പാരാമെഡിക്കല്‍ കോഴ്സ് വിദ്യാര്‍ഥിനിയാണ് യുവതി. ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിഷ്ണുലാലിന്റെ പേരില്‍ കേസെടുത്തു. തടാകതീരത്ത് നിരീക്ഷണം കര്‍ശനമാക്കുമെന്ന് റൂറല്‍ എസ്.പി. സാബു മാത്യു, ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍ എന്നിവര്‍ അറിയിച്ചു.