ഡൽഹി: കടുത്ത സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. രാകേഷ് (29) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ വീട്ടുടമയുടെ മകൻ ഗോവിന്ദ് ബല്ലഭിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കൊലനടത്തിയതിന് ശേഷം മൃതദേഹം കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അലിപുർ പോലീസിന് വിവരം ലഭിച്ചത്. ഇതേതുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് ഇത് കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കിടന്ന കുളത്തിന്റെ തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്നും ഉണ്ടയില്ലാത്ത ഒരു തോക്കും, ചോര കറ തുടച്ചുകളഞ്ഞതിന്റെ പാടുകളും കാണപ്പെട്ടു. രാകേഷിന്റെ വീട്ടുടമയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. അവിടെ വെച്ച് രാകേഷിനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പ്രതി കുളത്തിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നതായിരുന്നു പോലീസിന്റെ ആദ്യ വിലയിരുത്തൽ.

തുടർന്നുള്ള അന്വേഷണത്തിൽ വെള്ളിയാഴ്ച്ച രാവിലെ സുഹൃത്തതായ ഗോവിന്ദിനൊപ്പമാണ് രാകേഷ് പോയതെന്ന് 'അമ്മ ഭഗ്വതി ദേവി മൊഴി നൽകിയിരുന്നു. സ്വത്തുക്കളുടെയും മറ്റ് സാമ്പത്തിക ഇടപാടുകളുടെയും പേരിൽ ഗോവിന്ദും രാകേഷും തമ്മിൽ നിരന്തരമായി വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നതായും ഭഗ്വതി പോലീസിനോട് പറഞ്ഞു. ഇതേത്തുടർന്നാണ് സംഭവ ശേഷം കാണാതായ ഗോവിന്ദ് ബല്ലഭിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.

ഗോവിന്ദനെ ചോദ്യം ചെയ്തതിൽനിന്നുമാണ് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടിൽ നിന്നുമുണ്ടായ പ്രശ്നത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അതേത്തുടർന്ന് താൻ രാകേഷിനെ കൊലപ്പെടുത്തിയെന്നും ഗോവിന്ദ്‌ കുറ്റസമ്മതം നടത്തിയത്.

"ഗോവിന്ദിന് വായ്പകൾ പിടിച്ചുകൊടുക്കുന്ന ഒരു ഇടനിലക്കാരനായി ജോലി ചെയ്യുകയായിരുന്നു രാകേഷ്. 40 ലക്ഷത്തിന്റെ വായ്പ പിടിച്ചുകൊടുക്കാനായി ഗോവിന്ദ്‌ 5 ലക്ഷം രൂപ രാകേഷിന് നൽകി. എന്നാൽ പറഞ്ഞ വാക്ക് പാലിക്കാതെ രാകേഷ് പിന്നെയും പണം ആവശ്യപ്പെട്ടതോടെ തർക്കത്തിലെത്തുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. ഗോവിന്ദന്റെ ആഡംബരമായ കാർ അനധികൃതമായി കൈവശപ്പെടുത്തി അതിനെ വിൽക്കാനും രാകേഷ് ശ്രമിച്ചിരുന്നു എന്നാൽ ആ കാറിപ്പോൾ കാണുന്നില്ല" പോലീസ് പറയുന്നു.

അതേസമയം കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. ഇത് കുളത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞുവെന്നാണ് ഗോവിന്ദിന്റെ മൊഴി. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം പൊലീസ് നടത്തി വരുകയാണ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.