കൊച്ചി: സൗഹൃദം നടിച്ച് അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്നു. പെരുമ്പാവൂർ വെങ്ങോല സ്വദേശി കെ.വി. സന്ദീപിനാണ് (34) മർദനമേറ്റത്. സംഭവത്തിൽ പാലാരിവട്ടം സ്വദേശി മനുവിനും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർക്കുമെതിരെ പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ സന്ദീപ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാർച്ച് 30-ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മനു സന്ദീപിനെ ഫോണിൽ വിളിച്ച് തന്റെ അപ്പാർട്ട്മെന്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവിടെയെത്തിയ സന്ദീപിനെ മനുവും സംഘവും ചേർന്ന് തടഞ്ഞുവെച്ച് മർദിച്ചു. വയറ്റിൽ ബൂട്ടുകൊണ്ട് ചവിട്ടുകയും കൂട്ടമായി ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് സന്ദീപിന്റെ വാരിയെല്ലിന് ഒടിവുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മർദനത്തിന് പിന്നാലെ സന്ദീപിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ ബലമായി പിടിച്ചുവാങ്ങി.

ഫോണിലെ വാലറ്റ് ആപ്പ് ഉപയോഗിച്ച് സന്ദീപിന്റെ അക്കൗണ്ടിൽ നിന്ന് 24,757 രൂപ പ്രതികൾ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. ഇതിന് പുറമെ സന്ദീപിന്റെ പേഴ്സിലുണ്ടായിരുന്ന 13,000 രൂപയും സംഘം കവർന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മനുവിനും കൂട്ടാളികൾക്കുമായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.