ലഖ്‌നൗ: സുഹൃത്തുക്കളെ കിലോമീറ്ററുകളോളം പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തിയത് പൊതുപരിപാടിക്കിടെ തടിയനെന്ന് വിളിച്ച് കളിയാക്കിയത്തിന്റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ഗോരഖ്പുരിലെ ബെല്‍ഘാട്ട് സ്വദേശിയായ അര്‍ജുന്‍ ചൗഹാനാണ് അമിതവണ്ണത്തിന്റെ പേരില്‍ തന്നെ കളിയാക്കിയവര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. അനില്‍, ശുഭം എന്നിവര്‍ക്ക് നേരേയായിരുന്നു ആക്രമണം. പരിക്കേറ്റ ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടുപേരും അപകടനില തരണംചെയ്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അര്‍ജുന്‍ ചൗഹാനെയും ഇയാളുടെ സുഹൃത്തായ ആസിഫിനെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടന്ന പൊതുപരിപാടിക്ക് പങ്കെടുക്കാൻ അമ്മാവനോടൊപ്പം എത്തിയതാണ് അര്‍ജുന്‍ ചൗഹാൻ. പരിപാടിക്കിടെ സുഹൃത്തുക്കളായ അനിലും ശുഭവും അർജുന്റെ അമിത വണ്ണത്തെ കളിയാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. തന്നെ പരസ്യമായി സുഹൃത്തുക്കൾ അവഹേളിച്ചതെന്നാണ് അര്‍ജുന്റെ മൊഴി. ഭക്ഷണം കഴിക്കുന്നതിനിടെ എല്ലാവരുടെയും മുന്നില്‍വെച്ച് തടിയനെന്ന് വിളിച്ച് കളിയാക്കുകയും വണ്ണത്തിന്റെ പേരില്‍ പരിഹസിക്കുകയുമായിരുന്നു.

ഇതോടെ അവിടെയുണ്ടായിരുന്നവരെല്ലാം തന്നെ കളിയാക്കി ചിരിച്ചു. ഇത് അർജുന് വലിയ മാനസിക പ്രയാസമുണ്ടാക്കി. തുടർന്നാണ് തന്നെ കളിയാക്കിയ സുഹൃത്തുക്കളെ വകവരുത്താന്‍ തീരുമാനിച്ചതെന്നും അര്‍ജുന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ അര്‍ജുന്‍ ഇക്കാര്യം സുഹൃത്തായ ആസിഫിനെ അറിയിച്ചിരുന്നു. ഇരുവരും ചേര്‍ന്നാണ് രണ്ടുപേരോടും പ്രതികാരം ചെയ്യാനുള്ള പദ്ധതിയിട്ടത്. അനിലും ശുഭവും മഞ്ജാറിയ ഭാഗത്തേക്ക് കാറില്‍ യാത്രചെയ്യുന്നതായി മനസിലാക്കിയ പ്രതികള്‍ ഇരുവരെയും പിന്തുടര്‍ന്നു. ഇരുപത് കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം ഒരു ടോള്‍പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് പ്രതികള്‍ യുവാക്കളുടെ കാര്‍ തടഞ്ഞത്.

തുടര്‍ന്ന് രണ്ടുപേരെയും വലിച്ച് പുറത്തിറക്കിയശേഷം ഇവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ യുവാക്കളെ ആദ്യം സമീപത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരും ചികിത്സയില്‍ തുടരുകയാണെന്നും അപകടനില തരണംചെയ്തതായും ജില്ലാ പോലീസ് മേധാവിയായ ജിതേന്ദ്രകുമാര്‍ പറഞ്ഞു. ശുഭം ചൗഹാന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖജ്‌നി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് പ്രതികൾ പിടിയിലായത്.