ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ 22 വയസ്സുള്ള വിദ്യാർഥിനി കാമുകന്റെ ബ്ലാക്ക്‌മെയിലിംഗിനും വഞ്ചനയ്ക്കും ഇരയായി ആത്മഹത്യ ചെയ്തു. മൈസൂരുവിലെ ഒരു സ്വകാര്യ കോളേജിൽ എം.എസ്‌സി. ബയോടെക്‌നോളജി വിദ്യാർഥിനിയായ വർഷിണി (22) ആണ് ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലുള്ള വീട്ടിൽ തൂങ്ങിമരിച്ചത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ വർഷിണിയെ തൂങ്ങിയ നിലയിൽ അമ്മ കണ്ടെത്തുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പിതാവിനെ നഷ്ടപ്പെട്ട വർഷിണി, അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, യുവതിയുടെ ആൺസുഹൃത്തായ തുംകുരു സ്വദേശി അഭിഷേകിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തന്നെ ചതിച്ചു. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരന്തരമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു.

ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്താൻ കാമുകൻ നിർബന്ധിച്ചു. ആൺസുഹൃത്ത് തന്നിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കിയതായും കുറിപ്പിൽ പറയുന്നുണ്ട്.

ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വർഷിണിയുടെ ആൺസുഹൃത്തായ അഭിഷേകിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വർഷിണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിംഗ്, ലൈംഗിക ചൂഷണം തുടങ്ങിയ ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ സംഭവം സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.