തൃശൂർ: തൃശൂർ പഴുവിൽ 38 വയസ്സുകാരിയായ വീട്ടമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. അടുക്കളയിൽ മൃതദേഹത്തിനടുത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെത്തിയതിനെത്തുടർന്ന് ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തൃപ്രയാറിൽ തയ്യൽക്കട നടത്തുന്ന സുൽഫത്ത് വീട്ടിലിരുന്ന് വസ്ത്രങ്ങൾ തുന്നിയും നൽകിയിരുന്നു. വീട്ടിൽ തുന്നിയ വസ്ത്രങ്ങൾ കടയിലേക്ക് കൊണ്ടുപോകാനായി ഭർത്താവും മകളും പുറത്ത് പോയ സമയത്താണ് സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

സുൽഫത്തിനെക്കൊണ്ട് വസ്ത്രം തുന്നിച്ച അയൽവാസി അത് വാങ്ങാനായി വീട്ടിലെത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതിരിക്കുകയായിരുന്നു. ഇതേത്തുടർന്ന് അയൽവാസി ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്നു. അകത്ത് പ്രവേശിച്ചപ്പോൾ കത്തിക്കരിഞ്ഞ നിലയിലുള്ള സുൽഫത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികിൽ നിന്ന് ഒഴിഞ്ഞ ഒരു മണ്ണെണ്ണ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.