- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റോഡിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപികയെ ബലമായി ചുംബിക്കാൻ ശ്രമം; കഴുത്തിൽ പിടിച്ച് വലിച്ചിഴച്ചു; ലൈംഗികാതിക്രമം തടഞ്ഞപ്പോൾ ബ്ലേഡുകൊണ്ട് ആക്രമിച്ചു; വിദ്യാർത്ഥിയുടെ ക്രൂരതയിൽ 25കാരിയുടെ ചുണ്ട് മുറിഞ്ഞു; പോലീസ് തിരയുന്ന17കാരൻ സ്ഥിരം ശല്യക്കാരൻ

ആഗ്ര: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ലൈംഗികബന്ധത്തിന് വഴങ്ങാത്തതിനെ തുടർന്ന് 25കാരിയായ അധ്യാപികയെ ബ്ലേഡുകൊണ്ട് ആക്രമിച്ചു 17കാരൻ. കഴിഞ്ഞ മാസം ജനുവരി 20ന് വൈകുന്നേരം അഞ്ചരയോടെ കോട്വാലി പ്രദേശത്താണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുസമൂഹമറിഞ്ഞത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപിക ആഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തെരുവ് വഴി നടന്നുപോയ അധ്യാപികയെ പ്രതി ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതും തുടർന്ന് കഴുത്തിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ആക്രമണം ചെറുക്കാൻ ശ്രമിച്ചതോടെ, 17കാരൻ ബ്ലേഡുപയോഗിച്ച് യുവതിയുടെ മുഖത്തും ചുണ്ടിന് മുകളിലും ആഴത്തിലുള്ള മുറിവുകളുണ്ടാക്കുകയായിരുന്നു. അധ്യാപികയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
അധ്യാപികയുടെ സഹോദരൻ വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം, പ്രതി പഠിച്ചിരുന്ന അതേ സ്കൂളിൽ യുവതി മുൻപ് ജോലി ചെയ്തിരുന്നു. ആ സമയത്ത് വിദ്യാർത്ഥി അധ്യാപികയോട് മോശമായി പെരുമാറുകയും, ഈ വിവരം അധ്യാപിക പിടിഎ യോഗത്തിൽ വെച്ച് വിദ്യാർത്ഥിയുടെ അമ്മയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പ്രതി പലപ്പോഴും അദ്ധ്യാപികയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ശല്യപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാനാവാതെ യുവതി ആ സ്കൂളിലെ ജോലി രാജിവെച്ച് മറ്റൊരു സ്കൂളിൽ ചേർന്നു.
പുതിയ സ്കൂളിലേക്ക് മാറിയ ശേഷവും പ്രതി യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് തുടർന്നു. സംഭവദിവസം, പ്രതി അധ്യാപികയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും, അവർ വിസമ്മതിച്ചതിനെത്തുടർന്ന് ബ്ലേഡുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതര പരിക്കുകളോടെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധ്യാപികയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ആഗ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒളിവിലായ പ്രതിയെ പിടികൂടാൻ ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.


