വൈത്തിരി: വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ട യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പിടിയിലായത്. ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപം വെള്ളിയാഴ്ച വാഹനപരിശോധനയ്ക്കിടെയാണ് ഷഫീഖ് ചുരത്തില്‍നിന്ന് കൊക്കയിലേക്ക് ചാടി രക്ഷപ്പെട്ടത്. ഇയാളുടെ കാറില്‍നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. ഇന്നലെ മുഴുവൻ ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. വൈത്തിരി ഓറിയന്റല്‍ കോളേജിന് സമീപമുള്ള കാട്ടില്‍നിന്ന് ഇയാൾ ഇറങ്ങി വരുന്നത് കണ്ട പരിസരവാസികളാണ് പോലീസ് വിവരം അറിയിച്ചത്. ഇന്ന് രാവിലെയാണ് ഷഫീഖ് പോലീസിന്റെ പിടിയിലായത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിപ്പോയ ബലാത്സംഗ-കൊലപാതക കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു വൈത്തിരി പോലീസ്. ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാര്‍ കണ്ട് സംശയം തോന്നി പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് പോലീസ് വാഹനം പരിശോധിക്കാനൊരുങ്ങവെ ഷഫീഖ് ഇറങ്ങിയോടുകയും വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയിലുള്ള താഴ്ചയുള്ള ഭാഗത്തേക്ക് എടുത്തുചാടുകയുമായിരുന്നു. കുറ്റിക്കാടിനും ചെടികള്‍ക്കും മുകളിലൂടെ ഊര്‍ന്നിറങ്ങി, വനത്തിനുള്ളിലേക്ക് ഓടിയ ഇയാളെ തേടി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും പിന്നീട് സ്ഥലത്തെത്തിയ കല്‍പ്പറ്റ അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഉച്ചവരെ തിരച്ചില്‍ നടത്തി.

ചാടിയ സ്ഥലത്തുനിന്നും അരകിലോമീറ്ററോളം അകലെയുള്ള ഒരു നീര്‍ച്ചാലിന് സമീപം വരെ യുവാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും തുടര്‍ന്ന് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. സ്ഥലത്ത് ഡ്രോണ്‍ പരിശോധന നടത്തി എങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ 90 ഗ്രാമോളം എംഡിഎംഎയുമായി ഷഫീഖ് ബത്തേരി പോലീസിന്റെ പിടിയില്‍ ആയിരുന്നു. കല്പറ്റയിലും ഇയാള്‍ക്കെതിരേ കേസ് ഉണ്ട്.

ഇന്ന് രാവിലെ വൈത്തിരി ഓറിയന്റല്‍ കോളേജിന് സമീപമുള്ള കാട്ടില്‍നിന്ന് ഒരാള്‍ പരിക്കുകളോടെ ഇറങ്ങി വരുന്നത് കണ്ട് പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഷഫീഖിനെ കസ്റ്റഡിയിലെടുത്തു. പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയിലേക്കാണ് ഇയാളെ പോലീസ് കൊണ്ടുപോയിരിക്കുന്നത്.