പാറശാല: ജിം ട്രെയിനറായ യുവതിയെ ജോലിസ്ഥലത്തെത്തി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാറശാല പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ കാവ്യയ്ക്കാണ് (24) കുത്തേറ്റത്. സംഭവത്തിൽ പാറശാല സ്വദേശി അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തിലെത്തിയ അശ്വന്ത്, ജിമ്മിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അകത്തുകയറി കാവ്യയെ ആക്രമിച്ചത്. യുവതിയുടെ നെഞ്ചിലും തലയ്ക്കു പിന്നിലുമാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം ഇയാൾ അവിടെത്തന്നെ തുടരുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജിമ്മിലെത്തിയ രാഷ്ട്രീയ പ്രവർത്തകരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കാവ്യയെ ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയും ആംബുലൻസ് വരുത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കാവ്യ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവസ്ഥലത്തുണ്ടായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെ അശ്വന്തിനെ പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് യുവതിയോടുള്ള മുൻവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.