ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ 26 കാരനായ യുവാവിനെ കൂട്ടക്കൊല ചെയ്തു. ഖദ്ദ കോളനി സ്വദേശിയായ ദേവേന്ദറാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. ലോവര്‍ ജിടികെ റോഡിന് സമീപം സുഹൃത്തുക്കളായ രോഹിത്, അവിനാശ്, പവന്‍, വികാസ് എന്നിവരോടൊപ്പമാണ് ദേവേന്ദര്‍ നിന്നിരുന്നത്. ചെറിയ കാര്യത്തില്‍ വാക്കുതര്‍ക്കമുണ്ടായതോടെ സ്ഥിതി വഷളായി. ഇതിനിടെ പ്രതികളില്‍ ഒരാള്‍ കത്തി പുറത്തെടുത്തു ദേവേന്ദറിനെ വയറ്റില്‍ കുത്തുകയായിരുന്നു.

ഉടന്‍ തന്നെ ദേവേന്ദര്‍ തറയില്‍ വീണു. സമീപവാസികള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നോട്ടുവന്നു. ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ അവരുടെ ഒളിത്താവളങ്ങളില്‍ നിന്ന് പൊലീസ് പിടികൂടി. രോഹിത്, അവിനാശ്, പവന്‍ എന്നിവര്‍ പൊലീസ് വലയിലായപ്പോള്‍, മറ്റൊരാള്‍ പ്രതിയായ വികാസ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘം തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതികളില്‍ നിന്ന് നിര്‍ണായകമായ തെളിവുകളും പൊലീസ് കൈവശപ്പെടുത്തി. പവന്റെ കൈവശം നിന്നാണ് കൊലപാതകത്തിനുപയോഗിച്ച രക്തം പുരണ്ട കത്തി, വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തത്. തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്. 'നിസാര കാരണത്താലാണ് വഴക്കുണ്ടായത്. എന്നാല്‍ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സ്വരൂപ് നഗറിലെ ഈ കൊലപാതകം പ്രദേശവാസികളെ നടുക്കിയിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പോലീസ് പട്രോളിംഗും നടത്തുന്നുണ്ട്.