ഹൈദരാബാദ്: ഹൈദരാബാദിൽ വാടകവീട്ടിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ബോനു കോമളി തന്റെ ഡയറിയിൽ കുറിച്ചത് മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന ആൾക്കായി താൻ ഇപ്പോഴും കാത്തിരിക്കുന്നു എന്നാണ്. പാർട്ടൈം യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായിരുന്നു മരിച്ച ബോനു കോമളി. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. ആറ് മാസം മുമ്പും കോമളി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പറയപ്പെടുന്നു.

"ജീവിതവുമായി മുന്നോട്ട് പോകാൻ എനിക്ക് പേടിയാണ്, കാരണം അവൻ തിരിച്ചുവന്നാലോ? എനിക്ക് എല്ലാം ഉപേക്ഷിക്കണമെന്നുണ്ട്, അവൻ എന്റേതല്ലെന്നും കൂടെ നിൽക്കാൻ പോലും ശ്രമിക്കുന്നില്ലെന്നും എനിക്കറിയാം. എങ്കിലും എന്റെ ഉള്ളിലെ ഒരംശം ഇപ്പോഴും അവനായി കാത്തിരിക്കുന്നു, പ്രതീക്ഷിക്കുന്നു, എന്നെ എന്നെങ്കിലും തിരഞ്ഞെടുക്കുമെന്ന് സ്വപ്നം കാണുന്നു." ഒടുവിൽ താൻ നടന്നു മറയുമ്പോൾ അദ്ദേഹം "പിന്തിരിഞ്ഞു നോക്കുകയും എന്നെ തിരയുകയും ചെയ്താലോ" എന്ന പേടി കാരണം ജീവിതത്തിൽ മറ്റൊരിടത്തേക്ക് മാറുന്നത് അസാധ്യമായി തോന്നുന്നുവെന്നും അവൾ കുറിച്ചു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കോമളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലെ ഒരു സ്വകാര്യ കോളേജിൽ ബി.എസ്.സി വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ 11 മാസമായി ഈ അപ്പാർട്ട്മെന്റിൽ അവൾ ഒറ്റയ്ക്കായിരുന്നു താമസം. പോലീസിന്റെ റിപ്പോർട്ട് പ്രകാരം, കോമളി 27 വയസ്സുകാരനായ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറും സഹ യൂട്യൂബറുമായ യുവാവുമായി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ പിന്നീട് വേർപിരിഞ്ഞതായാണ് വിവരം.

കുവൈറ്റിലുള്ള അമ്മയ്ക്ക് 'ഐ ലവ് യൂ സോ മച്ച്' എന്ന് അവസാന സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മരണം. തിങ്കളാഴ്ച പുലർച്ചെയാണ് കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മ ബി. സത്യ വരലക്ഷ്മിക്ക് കൊമാലി അവസാനമായി സന്ദേശമയച്ചത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് അമ്മ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് കൊമാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഒരു ഗോവണിയും സാരിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊമാലിയുടെ ഫോൺ രേഖകൾ, സന്ദേശങ്ങൾ, സുഹൃത്തുക്കളിൽ നിന്നും അയൽവാസികളിൽ നിന്നുമുള്ള മൊഴികൾ എന്നിവ വിശദമായി പരിശോധിച്ച് പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. ഈ ദാരുണമായ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.