കൊച്ചി: ഹേമ കമ്മിറ്റിക്ക് മുന്നില്‍ പരാതി ഉന്നയിച്ചവരില്‍ പലരും മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നെങ്കിലും, പരാതിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ അറിയിച്ചതാണിത്. വ്യാഴാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.

പോക്‌സോ കേസുകള്‍ എടുക്കാവുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങള്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്ന് വിവരം പുറത്തുവന്നിരുന്നു,. ഹൈക്കോടതി നിര്‍ദേശപ്രകാരം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നേരത്തേ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നതിനെ തുടര്‍ന്ന് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നടപടി എടുക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിനുശേഷമാണ് മൊഴികളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തിലെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരായ അജിതാ ബീഗവും ജി. പൂങ്കുഴലിയും വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും തുടര്‍ന്ന് ലഭിച്ച മൊഴികളുടെയും അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. എന്നാല്‍ പരാതിപ്പെടാന്‍ തയ്യാറാകാത്തവരെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു.