മലപ്പുറം: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കയായിരുന്ന ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പ്രതിയായ 44 കാരന് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി എണ്‍പത്തിയേഴര വര്‍ഷം കഠിന തടവും 4.37 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാരാപ്പറമ്പ് കരിവിശ്ശേരി വടക്കേമടപ്പാട്ട് വീട്ടില്‍ ജയചന്ദ്രനെയാണ് ജഡ്ജ് എ എം അഷ്റഫ് ശിക്ഷിച്ചത്.

2021 ഫെബ്രുവരി 11ന് ആനക്കയത്തെ വാടകക്വാര്‍ട്ടേഴ്സിലാണ് കേസിന്നാസ്പദമായ സംഭവം. ഉച്ച സമയത്ത് വീടിനു പിറകിലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് നിലവിളിച്ച കുട്ടിയെ പ്രതി അടിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കുട്ടി വീടിന് പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. മാതാവ് ഉടന്‍ വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പിറ്റേന്ന് മഞ്ചേരി പൊലീസെത്തി കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ പി അഭിലാഷാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 33 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 367 പ്രകാരം അഞ്ചു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവുമാണ് ശിക്ഷ. പോക്സോ ആക്ടിലെ 5(എല്‍), 5(എം) എന്നീ വകുപ്പുകളില്‍ 40 വര്‍ഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ വീത പിഴയും ശിക്ഷയുണ്ട്. പിഴയടക്കാത്ത പക്ഷം ഇരു വകുപ്പുകളിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. കുട്ടിയെ കൈകൊണ്ടടിച്ചതിന് 323 വകുപ്പ് പ്രകാരം ആറു മാസവും തടഞ്ഞു വെച്ചതിന് 342 വകുപ്പു പ്രകാരം ഒരു വര്‍ഷവും കഠിന തടവനുഭവിക്കണം.

ഇരുവകുപ്പുകളിലും ആയിരം രൂപ വീതം പിഴയടക്കണം, പിഴയടക്കാത്തപക്ഷം ഓരോ വകുപ്പിലും 15 ദിവസത്തെ അധിക തടവാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് 506 വകുപ്പ് പ്രകാരം ഒരുവര്‍ഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും റിമാന്റ് കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യുമെന്നും കോടതി പ്രസ്താവിച്ചു. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നു വിധിച്ച കോടതി സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കാന്‍ കോടതി ഉത്തരവിട്ടു.