- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്കയിൽ കല്ലിന്റെ പ്രശ്നത്തിന് ചികിത്സ തേടിയെത്തിയ രോഗിയോട് വനിതാ ഡോക്ടർ പറഞ്ഞത് കിടത്തി ചികിത്സവേണ്ടി വരുമെന്ന്; പ്രകോപിതനായി അക്രമാസക്തനായി രോഗി ഡോക്ടറെ മർദ്ദിച്ചു; അറസ്റ്റിലായ പ്രതിക്ക് ജാമ്യമില്ല; വസീറിന്റെ ജാമ്യഹർജി ജില്ലാ കോടതി തള്ളി
തിരുവനന്തപുരം: അഡ്മിറ്റാകാൻ ആവശ്യപ്പെട്ട വനിതാ ഡോക്ടറെ രോഗി തല്ലിയെന്ന കേസിൽ ഒക്ടോബർ 30 മുതൽ റിമാന്റിൽ കഴിയുന്ന പ്രതി വസീറിന്റെ ജാമ്യ ഹർജി ജില്ലാ കോടതി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി.ബാലകൃഷ്ണനാണ് ജാമ്യം നിരസിച്ചത്. ആരോപണം ഗൗരവമേറിയതാണ്. ആതുര ശുശ്രൂഷയിലേർപ്പെട്ട ഡോക്ടറെ ആശുപത്രിക്കുള്ളിൽ വച്ച് യാതൊരു പ്രകോപനവും കൂടാതെ ഓദ്യോഗിക ജോലി തടസ്സപ്പെടുത്തി ആക്രമിച്ചുവെന്നാണ് ആരോപണം.
പൊലീസ് റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ചതിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് മനസിലാകുന്നത്. ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ആവലാതിക്കെതിരെ സമാന കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ട്. കൂടാതെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനും സാധ്യതയുണ്ട്. അപ്രകാരം തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതിനാൽ അന്വേഷണ കാലയളവിൽ അവ തടയേണ്ടതായുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യ ഹർജി തള്ളിയത്.
2022 ഒക്ടോബർ 29 ന് ഉച്ചക്ക് 2 മണിക്കാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സംഭവം നടന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായ ശോഭയെയാണ് മണക്കാട് വള്ളക്കടവ് സ്വദേശി വസീർ (25) മർദ്ദിച്ചത്. ജനറൽ ആശുപത്രിയിൽ മൂത്രത്തിൽ കല്ലിന് ചികിത്സ തേടി സർജറി ഒ പി യിൽ എത്തിയ വസീറിനോട് ഡോക്ടർ പരിശോധിച്ച ശേഷം സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനക്ക് അയച്ചു.
പരിശോധനാ ഫലങ്ങളുമായി തിരിച്ചെത്തിയ ഇയാളുടെ സ്കാനിങ് റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ വൃക്കയിൽ കല്ലിന്റെ പ്രശ്നമാണെന്നും കിടത്തിച്ചികിത്സ വേണ്ടി വരുമെന്നും അഡ്മിറ്റാകാൻ ആവശ്യപ്പെടുകയും ചെയ്തു. പെട്ടെന്ന് പ്രകോപിതനായി അക്രമാസക്തനായ ഇയാൾ ഒപി ടിക്കറ്റും മറ്റു രേഖകളും ഡോക്ടറിൽ നിന്ന് പിടിച്ചു വാങ്ങി ചികിത്സ വേണ്ടെന്ന് ആക്രോശിച്ച് ഡോക്ടറെ കൈയിൽ അടിച്ച് മർദ്ദിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരും മറ്റുള്ളവും ചേർന്ന് ഇയാളെ തടഞ്ഞു. ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വസീറിനെ കന്റോൺമെന്റ് പൊലീസെത്തി ഉടൻ കസ്റ്റഡിയിലെടുത്തു. വസീറിന്റെ ജാമ്യഹർജി മജിസ്ട്രേട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്.