കൊച്ചി: വിവാദ ചലച്ചിത്രം 'ദ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' പ്രദര്‍ശിപ്പിക്കുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. നേരത്തെ, സെന്‍സര്‍ ബോര്‍ഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ചിത്രം സാമൂഹികാന്തരീക്ഷം മോശമാക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നത്.

ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് വലിയ നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമായി. സ്റ്റേ നിലനില്‍ക്കെ ടിക്കറ്റ് വില്‍പന നടത്തുന്നത് കോടതിയലക്ഷ്യമാകുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതോടെ നിര്‍മ്മാതാക്കള്‍ക്ക് പ്രതിരോധത്തിലാകേണ്ടി വന്നു. ബുക്ക് മൈഷോ വഴി ടിക്കറ്റ് എടുത്തവര്‍ക്കെല്ലാം തുക റീഫണ്ട് ചെയ്തുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെട്ടത്.

മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ച ചിത്രത്തിനെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികളെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും സെന്‍സര്‍ ബോര്‍ഡിന്റെ ഔദ്യോഗിക അനുമതിയും പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് ചിത്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതോടെ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ഉറപ്പായി. വിവാദങ്ങള്‍ക്കിടയിലും ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.