ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാം; ഉള്ളടക്കം പുറത്തുവിടരുതെന്ന സജിമോന്റെ ഹര്‍ജിതള്ളി ഹൈക്കോടതി; റിപ്പോര്‍ട്ടു പുറത്തു വരുന്നത് ഭയക്കുന്നതാര്?
കൊച്ചി: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. കക്ഷികളുടെ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് വി.ജി. അരുണ്‍ വിധി പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷന് നല്കിയ ഉറപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, വിവരാവകാശ കമീഷന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് കേസില്‍ കക്ഷി […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. കക്ഷികളുടെ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് വി.ജി. അരുണ്‍ വിധി പറഞ്ഞത്.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷന് നല്കിയ ഉറപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, വിവരാവകാശ കമീഷന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് കേസില്‍ കക്ഷി ചേര്‍ന്ന സംസ്ഥാന വനിതാ കമീഷനും 'വുമണ്‍ ഇന്‍ സിനിമ കലക്ടീവും' ആവശ്യപ്പെട്ടത്.
നേരത്തെ മലയാള സിനിമാ ലോകത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമ്പോള്‍ നടിമാരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്കിയ മൊഴികള്‍ പൂര്‍ണമായി നീക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സിനിമാ സെറ്റുകളിലും മറ്റു സ്ഥലങ്ങളിലുമുണ്ടായ ദുരനുഭവങ്ങളാണ് മൊഴികളില്‍ ഭൂരിഭാഗവും. ഇവ അനുബന്ധമായാണു റിപ്പോര്‍ട്ടിലുള്ളത്. ഫോട്ടോകളും മറ്റും ഉള്‍പ്പെടെ ഒട്ടേറെ തെളിവുകളും രേഖകളും ഇതിന്റെ ഭാഗമായുണ്ടെന്നാണു വിവരം.
സ്വകാര്യത ലംഘിക്കാതെ വിവരങ്ങള്‍ നല്‍കാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ്. മുദ്രവച്ച കവറില്‍ കമ്മിഷനു സാംസ്കാരിക വകുപ്പ് കൈമാറിയ റിപ്പോര്‍ട്ടില്‍ അനുബന്ധം ഉള്‍പ്പെടുത്തിയിരുന്നില്ല. ബാക്കി 295 പേജുകളാണു കൈമാറിയതെന്നു കമ്മിഷന്റെ ഉത്തരവിലുണ്ട്. വിവിധ അധ്യായങ്ങളായി തിരിച്ച റിപ്പോര്‍ട്ടില്‍ മൊഴികളും മറ്റും വീണ്ടും എടുത്തുപറയുന്നതിനാല്‍ അവയും നീക്കും. ചില പേജുകളും ഖണ്ഡികകളും നീക്കാന്‍ കമ്മിഷന് തന്നെ ഉത്തരവില്‍ നിര്‍ദേശിച്ചത് ഈ സാഹചര്യത്തിലാണ്. സാംസ്കാരിക വകുപ്പ് നീക്കുന്ന ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് അപ്പീലും പരാതിയും നല്കിയ 5 പേരെയും നോട്ടിസ് മുഖേന അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്തെ വിവരാവകാശ നിയമ ചരിത്രത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കമ്മിഷന്റേത്. 2020 ഫെബ്രുവരിയില്‍ കമ്മിഷന് തന്നെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം തള്ളിയിരുന്നു. സ്വകാര്യതയും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നവരുടെ തൊഴില്‍നഷ്ടവും സുരക്ഷയും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. 2019 ഡിസംബര്‍ 31നു സര്‍ക്കാരിനു റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയാണ് കമ്മിഷന് മുന്‍പാകെ അന്ന് അപ്പീല്‍ എത്തിയത്. അന്നത്തെ സാഹചര്യമാണ് ആ വിധിക്കു കാരണമെന്നും കാലത്തിനു പാകമാകുന്നതനുസരിച്ചു കമ്മിഷന് ഉത്തരവുകളില്‍ മാറ്റംവരുമെന്നും ഇപ്പോഴത്തെ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവു സ്വാഗതം ചെയ്ത് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) നേരത്തെ സ്വാഗതം ചെയ്തിരുന്നു. 2019 മുതല്‍ 2024 വരെ നീണ്ട നിരാശാജനകമായ നിശ്ശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നല്കുന്നുവെന്നു സംഘടന സമൂഹമാധ്യമത്തില്‍ കുറിച്ചു. റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചാവിഷയമാകുമ്പോള്‍ വര്‍ഷങ്ങളായി ഡബ്ല്യുസിസി മുന്നോട്ടുവച്ച ചില ചോദ്യങ്ങള്‍ വീണ്ടും ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
കണ്ടെത്തലുകള്‍ പുറത്തുവിടാതെ നിര്‍ദേശങ്ങള്‍ നടപ്പാക്കാമെന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ സുതാര്യതയോടെ പുറത്തു വരുന്നത്, ഉപയോഗപ്രദമായ പരിഹാരനടപടികള്‍ പ്രാവര്‍ത്തികമാക്കാനും പുരോഗമനപരമായ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനും ഉപകരിക്കുമെന്നു ഡബ്ല്യുസിസി ശക്തമായി വിശ്വസിക്കുന്നതായുമാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വ്യക്തമാക്കിയത്. ഇപ്പോഴത്തെ നിലയില്‍ റിപ്പോര്‍ട്ടു പുറത്തുവരുന്നതിനെ ആരാണ് ഭയക്കുന്നത് എന്നാണ് അറിയേണ്ടത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമ രംഗത്തെ കുറിച്ചു പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.