മൂവാറ്റുപുഴ: വാഹനാപകടത്തില്‍ തളര്‍ന്ന് കിടപ്പിലായ കുട്ടിക്ക് പലിശയടക്കം രണ്ട് കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകത്തില്‍ പരുക്കേറ്റ കുട്ടിക്കാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ച് കോടതി ഉത്തരവായത്. എട്ടുവര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് 2 കോടി രൂപയോളം വരും.

നഷ്ടപരിഹാര തുക പരുക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് (അമ്പാടി12) നല്‍കാനാണ് ഉത്തരവ്. അതേസമയം ഒരു നഷ്ടപരിഹാരത്തുകയും കുട്ടിക്ക് നഷ്ടപ്പെട്ട ബാല്യകാലം മടക്കി നല്‍കില്ലെന്ന് എട്ടു വര്‍ഷമായി കുട്ടി തളര്‍ന്നു കിടക്കുന്നതു ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. നാലു വയസ്സുള്ളപ്പോഴാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. കുട്ടി അപകടത്തില്‍ പൂര്‍ണമായും തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തു.

കേസില്‍ എംഎസിടി കോടതിയാണ് ആദ്യം നഷ്ടപരിഹാരം വിധിച്ചത്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ ഈ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു. അപ്പീല്‍ തള്ളിയ ഹൈക്കോടതി, നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിക്കുകയും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുകയും ആയിരുന്നു. ജ്യോതിസ് രാജിനു വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ്. ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ഉത്തരവ്.

അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാലു വയസ്സായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. ഹൈക്കോടതി കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ഭാവി ചികിത്സയ്ക്കുള്ള തുകയായി മൂന്ന് ലക്ഷം രൂപയും ഹൈക്കോടതി അധികമായി ചേര്‍ത്തു. സഹായിക്കോ പരിചരിക്കുന്ന ആള്‍ക്കോ ഉള്ള തുക 10 ലക്ഷത്തില്‍ നിന്ന് 37.80 ലക്ഷമായി ഉയര്‍ത്തി, പെയിന്‍ ആന്‍ഡ് സഫറിങ് ചാര്‍ജ് 3 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി.

അപകടത്തില്‍ സംഭവിച്ച സ്ഥിര വൈകല്യത്തിന് 11.08 ലക്ഷമാണ് എംഎസിടി കോടതി വിധിച്ചത്. ഇത് 43.65 ലക്ഷമായും ഉയര്‍ത്തി. ജ്യോതിസ് രാജിനു വേണ്ടി എംഎസിടി കോടതിയില്‍ എന്‍.പി. തങ്കച്ചനും ഹൈക്കോടതിയില്‍ എസ്. ശ്രീദേവും ഹാജരായി. 2016 ഡിസംബര്‍ 3നു രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിനു സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ആനകുത്തിയില്‍ രാധ(60) രജിത (30) നിവേദിത (6) എന്നിവര്‍ മരിച്ചു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു.