തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ 29 ന് സർക്കാർ നിലപാടറിയിക്കാൻ ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടു.

കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർക്ക് നൽകിയ കത്തുകളും ഗവർണ്ണർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും രവീന്ദ്രന്റെ പുനർനിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസ് എടുത്ത് വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

മുഖ്യമന്ത്രിക്കും സർക്കാറിനും സിപിഎമ്മിനുമെതിരെ തുറന്നടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രി അയച്ച കത്തുകളും ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിന്റെ വീഡിയോയും പുറത്ത് വിട്ടായിരുന്നു രാജ്ഭവനിലെ അസാധാരണ വാർത്താ സമ്മേളനം. കണ്ണൂർ വിസിയുടെ പുനർനിയമനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തിയെന്നാണ് ഗവർണറുടെ തുറന്ന് പറച്ചിൽ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധത്തിനുള്ള ഗൂഢാലോചനയിൽ കെ.കെ രാഗേഷിന് പങ്കുണ്ടെന്നും അതിന്റെ പ്രത്യുപകാരമായാാണ് മുഖ്യമന്ത്രി രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതെന്നുമായിരുന്നു ഗവർണറുടെ ആരോപണം.