- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും അസിസ്റ്റന്റും റിമാൻഡിൽ; ജയിലിൽ അടച്ചത് തലസ്ഥാനത്തെ വിജിലൻസ് കോടതി; ഇരുവരും പിടിയിലായത് 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ
തിരുവനന്തപുരം: 25,000 രൂപയുടെ കൈക്കൂലി ട്രാപ്പ് കേസിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും ഓഫീസ് അസിസ്റ്റന്റിനെയും തലസ്ഥാന വിജിലൻസ് കോടതി റിമാന്റ് ചെയ്തു. തിരുവല്ല മുൻസിപ്പൽ സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം അനുപമയിൽ സ്റ്റാലിൻ (51), ഓഫീസ് അസിസ്റ്റന്റ് മണ്ണടി പാലവിള കിഴക്കേതിൽ ഹസീന ബീഗം (42) എന്നിവരെയാണ് റിമാന്റ് ചെയ്തത്.
തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി ജഡ്ജി രാജകുമാര അവധിയിലായതിനാൽ ചുമതല വഹിക്കുന്ന ഒന്നാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽകുമാറാണ് പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലടച്ചത്. തിരുവല്ലയിലെ ഖരമാലിന്യ സംസ്‌കരണ യൂണിറ്റിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും മാർച്ച് 3 ന് വിജിലൻസിന്റെ പിടിയിലായിരുന്നു.
നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണ കരാറുകാരനായ ക്രിസ്റ്റഫറിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ ഇവരുടെ വീടുകളിലും വിജിലൻസ് പരിശോധന നടത്തിയതിൽ ഒരേ നമ്പർ പ്ലേറ്റുള്ള രണ്ടു മോട്ടോർ ബൈക്കുകൾ സെക്രട്ടറിയുടെ വീട്ടിൽ നിന്നും കണ്ടെത്തി.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് സെക്രട്ടറി ക്രിസ്റ്റഫറോട് ആവശ്യപ്പെട്ടത്. ഇതിൽ 25000 രൂപ ഇന്നലെ അത്യാവശ്യമായി വേണമെന്ന് ശഠിച്ചു. ഇതോടെ ക്രിസ്റ്റഫർ വിജിലൻസിനെ സമീപിച്ചു. ഫിനോഫ്തിലിൻ പുരട്ടിയ 500 ന്റെ 50 നോട്ടുകൾ കേസ് രജിസ്റ്റർ ചെയ്ത ശേഷം നോട്ടു നമ്പരുകൾ രേഖപ്പെടുത്തിയ എൻട്രസ്റ്റ്‌മെന്റ് മഹസർ തയ്യാറാക്കി വിജിലൻസ് ക്രിസ്റ്റഫറിന്റെ കൈവശം കൊടുത്തുവിട്ടു.
3 ന് വൈകിട്ട് നാലിന് സെക്രട്ടറിയുടെ ഓഫീസിലെത്തി പണം കൈമാറി. സെക്രട്ടറി പണം മേശയിലിട്ടശേഷം ഹസീനയെ വിളിച്ച് കൈമാറി. പണമടങ്ങിയ കവറുമായി ഹസീന പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് തുക തന്റെ പക്കൽ തന്നതെന്ന് ഹസീന വിജിലൻസിൽ മൊഴിനൽകി. വിജിലൻസ് കൊണ്ടു വന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ സെക്രട്ടറിയുടെയും ഒ.എ. യുടെയും കൈവിരലുകൾ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. ഇതോടെ കൈക്കൂലി പണമായ കെണിപ്പണം ഇവർ കൈപ്പറ്റിയതായി ശാസ്ത്രീയമായി സ്ഥിരീകരിച്ചു. തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രണ്ടു ഗസറ്റഡ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് ട്രാപ്പും അറസ്റ്റും നടത്തിയത്. പത്തനംതിട്ട സോയിൽ കൺസർവേഷൻ ഓഫീസർ കോശിക്കുഞ്ഞിനെയും തിരുവല്ല മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ സുനിലിനെയും സാക്ഷികളായി ക്രിസ്റ്റഫർക്കൊപ്പം കൂട്ടിയിരുന്നു. ഇവർ സാധാരണക്കാരെപ്പോലെ പെരുമാറിയതിനാൽ സെക്രട്ടറിക്ക് സംശയം തോന്നിയില്ല. വിജിലൻസ് ഏതു ഡിപ്പാർട്ടുമെന്റിൽ നിന്നും എപ്പോൾ ആവശ്യപ്പെട്ടാലും രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരെ വിട്ടു നൽകണമെന്ന് വിജിലൻസ് സർക്കുലർ നിലവിലുണ്ട്. പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്‌പി. ഹരി വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്