- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കള്ളം പറഞ്ഞതെന്തിനെന്ന് ഹൈക്കോടതി; നിലമ്പൂർ വനത്തിലെ ആദിവാസികളുടെ പുനരധിവാസത്തിൽ രണ്ടാഴ്ചക്കകം തീരുമാനമറിയിക്കാൻ നിർദ്ദേശം; ഡിസംബർ 13ന് മുമ്പ് അറിയിക്കണമെന്ന് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം
കൊച്ചി: നാല് വർഷം മുമ്പ് പ്രളയത്തിൽ തകർന്ന നിലമ്പൂർ വനത്തിലെ ആദിവാസികളുടെ വീടുകൾ വാസയോഗ്യമാണെന്ന് കള്ളം പറഞ്ഞത് എന്തിനെന്ന് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാരിനോട് വിശദീകരണം തേടിയ കോടതി ആദിവാസികളുടെ പുനരധിവാസത്തിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് ഡിസംബർ 13ന് മുമ്പ് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്നലെ നിലമ്പൂർ നിയോജകമണ്ഡലത്തിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തും മുമ്പാണ് പ്രളയത്തിനിരയായ നിലമ്പൂരിലെ ആദിവാസികളുടെ പുനരധിവാസത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടിയുണ്ടായത്.
വനത്തിലെ ആദിവാസികളുടെ വീടുകൾ വാസയോഗ്യമാണെന്ന് സർക്കാരിന് വേണ്ടി ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസർ കെ.എസ് ശ്രീരേഖ സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. സർക്കാർ സത്യവാങ്മൂലത്തിന്റെ നിജസ്ഥിതി അറിയാൻ ഹൈക്കോടതി നിർദ്ദേശ പ്രകാരം മലപ്പുറം ലീഗൽസർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം. ഷാബിർ ഇബ്രാഹിം കോളനികൾ സന്ദർശിച്ച ശേഷം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
പ്രളയത്തിൽ വീടുകൾ തകർന്ന് നാല് വർഷമായി വനത്തിൽ ദുരിതജീവിതം നയിക്കുന്ന നിലമ്പൂരിലെ 300 ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴയുമാണ് പൊതുതാൽപര്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
വീടും ശുചിമുറി സൗകര്യങ്ങളും കുടിവെള്ളലഭ്യതപോലുമില്ലാതെ ഉൾവനത്തിൽ കഴിയുന്ന ആദിവാസികളുടെ ദുരിതജീവിതം വ്യക്തമാക്കുന്നതാണ് സബ് ജഡ്ജിയുടെ റിപ്പോർട്ട്. നേരത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം സബ് ജഡ്ജ് കോളനികൾ സന്ദർശിച്ച് ആദിവാസികളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് രണ്ടാഴ്ചക്കകം കുടിവെള്ളവും ആവശ്യമായ ബയോ ടോയിലറ്റുകളും കോളനികളിൽ ലഭ്യമാക്കണമെന്ന് ഓഗസ്റ്റ് 17ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവ് നടപ്പാക്കാതിരുന്നതോടെ സർക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടി വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. ഓഗസ്റ്റ് 19നകം ആവശ്യമായ എണ്ണം ബയോ ടോയിലറ്റുകൾ സ്ഥാപിക്കാനും കുടിവെള്ള സൗകര്യം ലഭ്യമാക്കാനും കർശന ഉത്തരവും നൽകിയിരുന്നു. ഇതോടെയാണ് ഐ.ടി.ഡി.പി ജില്ലാ പ്രോഗ്രാം ഓഫീസർ കെ.എസ് ശ്രീരേഖ മൂന്ന് ബയോ ടോയിലറ്റുകൾ സ്ഥാപിച്ചതായും പ്രളയത്തിൽ തകർന്ന വീടുകൾ വാസയോഗ്യമാണെന്നും കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചത്.
ഇരുട്ടുകുത്തി കോളനിയിലെ 39 കുടുംബങ്ങൾക്കും വീടുകളുണ്ടെന്നും പ്രളയത്തിൽ തർന്ന ചില വീടുകൾ ലൈഫ് പദ്ധതിയിലൂടെ പുനർനിർമ്മിച്ചതായും എല്ലാ വീടുകളിലും വൈദ്യുതി കണക്ഷനുണ്ടെന്നും വ്യക്തമാക്കിയിരുന്നു. വാണിയമ്പുഴ കോളനിയിലെ മുഴുവൻ വീടുകളും നല്ല അവസ്ഥയിലുള്ളതും താമസയോഗ്യവുമാണ്. വൈദ്യുതിയും കുടിവെള്ളസൗകര്യവുമുണ്ടെന്നും എന്നിട്ടും കോളനികളിലുള്ളവർ 150 മീറ്റർ മാറി വനത്തിൽ കുടിലുകൾ കെട്ടി താമസിക്കുകയാണെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
ആര്യാടൻ ഷൗക്കത്തിന്റെ അഭിഭാഷകൻ അഡ്വ. പിയൂസ് എ. കൊറ്റം ഐ.ടി.ഡി.പി പ്രോഗ്രാം ഓഫീസറുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നു പറഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് മലപ്പുറം ജില്ലാ ലീഗസൽ സർവീസ് അഥോറിറ്റിയോട് വീണ്ടും കോളനികൾ സന്ദർശിച്ച് ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കാൻ ഉത്തരവിട്ടത്. കോളനികൾ സന്ദർശിച്ച സബ് ജഡ്ജ് ആദിവാസികളുടെ മൊഴികൾ സഹിതമാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
വാണിയമ്പുഴ കോളനിയിലെ ഭൂരിപക്ഷം പേരും വനത്തിനുള്ളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലുകളിലാണ് കഴിയുന്നത്. കുറച്ച്പേർ മാത്രമാണ് പഴയ വീടുകളിലേക്ക് മടങ്ങിയെത്തിയത്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇവിടെ മൂന്ന് ബയോ ടോയിലറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് കിണറുകളുണ്ടെങ്കിലും ബദൽ സ്കൂളിന് സമീപത്തെ ഒരു കിണറിലെ വെള്ളം മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ.
കുമ്പളപ്പാറ കോളനിയിലെ വീടുകളുടെ അവസ്ഥ പരിതാപകരമാണ്. വീടുകളിൽ ശുചിമുറി സൗകര്യങ്ങളില്ല. അഞ്ച് വീടുകളിൽ മാത്രമാണ് വയറിങ് പൂർത്തിയാക്കിയത്. ദുർഗന്ധം കാരണം കിണർ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല.
തരിപ്പപൊട്ടി കോളനിയിലെ വീടുകൾ സുരക്ഷിതവും വാസയോഗ്യവുമല്ല. 2019തിലെ പ്രളയത്തിൽ തകർന്നതിനാൽ ഭൂരിപക്ഷം വീടുകളിലേയും ശുചിമുറികൾ ഉപയോഗശൂന്യമാണ്. മാലിന്യങ്ങളുള്ളതിനാൽ കോളനിയിലെ രണ്ടു കിണറുകളും ഉപയോഗിക്കാൻ കഴിയുന്നില്ല. പുഴയിൽ കുഴികുത്തിയാണ് ഇവർ കുടിക്കാനായി വെള്ളം ശേഖരിക്കുന്നത്. ഇരുട്ടുകുത്തി കോളനിയിൽ ഇന്ദിരാ ആവാസ് യോജന പ്രകാരം നിർമ്മിച്ച വീടുകൾ ദയനീയ അവസ്ഥയിലാണ്. ഇവിടെ ശുചിമുറികളില്ല. ലൈഫ് മിഷൻ വഴി പുതുതായി നിർമ്മിച്ച വീടുകളിൽ സുചിമുറികളുണ്ടെങ്കിലും വൈദ്യുതിയില്ല. കോളനിയിൽ ബയോ ടോയിലറ്റുമില്ല.
2019ലെ പ്രളയത്തിലാണ് ചാലിയാർ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവിൽ പാലം ഒലിച്ചുപോയി മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാർ ഒറ്റപ്പെട്ടത്. 2019ലെ പ്രളയത്തിൽ ഒലിച്ചുപോയ പാലം പുനർനിർമ്മിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 400 പേർക്ക് പുഴ കടക്കാൻ ചങ്ങാടമാണ് ആശ്രയം. മൺസൂൺ സമയത്ത് മൂന്നു മാസത്തോളം ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവില്ല. കുട്ടികൾക്ക് സ്കൂളിൽ പോകാനാവാതെ പഠനവും മുടങ്ങുന്നു. മഴക്കാലത്ത് പുഴ നിറയുമ്പോൾ ചങ്ങാടം ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്.
സമാനമായ ദുരിതാവസ്ഥയാണ് വഴിക്കടവ് പഞ്ചായത്തിലെ ഉൾവനത്തിലെ പുഞ്ചകൊല്ലി, അളക്കൽ കോളനിവാസികൾക്കുമുള്ളത്. 2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് കുറെകെയുള്ള ഇരുമ്പുപാലവും വീടുകളും തകർന്നതോടെയാണ് ഇരുകോളനിക്കാരും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടത്. ഇവർക്കും മുളകൊണ്ടുള്ള ചങ്ങാടമാണ് പുഴ കടക്കാൻ ആശ്രയം. 2019ലെ പ്രളയത്തിൽ കരിമ്പുഴ ഗതിമാറി ഒഴുകിയാണ് കരുളായി പഞ്ചായത്തിലെ വട്ടികല്ല,് പുലിമുണ്ട കോളനിയിലുള്ളവരുടെ വീടുകൾ നഷ്ടമായത്. ഇവരും ഉൾവനത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിയ കുടിലുകളിലാണ് കഴിയുന്നത്.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ