കൊച്ചി: വാറണ്ടി കാലയളവില്‍ തന്നെ ഫോണ്‍ തകരാറിലാവുകയും യഥാസമയം അത് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത സ്ഥാപനം സേവനത്തില്‍ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് അനുവര്‍ത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

ഒരു വര്‍ഷത്തെ അധിക വാറന്റിയോടെ തകരാര്‍ പരിഹരിച്ച് ഫോണ്‍ പരാതിക്കാരനു നല്‍കാനും, കൂടാതെ 10,000/ രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് നല്‍കണമെന്ന് എതിര്‍കക്ഷിയായ MyG ക്ക് കോടതി ഉത്തരവ് നല്‍കി.

എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ അബ്ദുല്‍ ഹാഷിം കെ എ , ഇടപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന MyG മൊബൈല്‍ എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.എല്‍ജി വെല്‍വെറ്റ് മൊബൈല്‍ ഫോണ്‍ 36,000/- രൂപയ്ക്കാണ് പരാതിക്കാരന്‍ വാങ്ങിയത്. ഒരു വര്‍ഷത്തെ അധിക വാറണ്ടിക്കായി 1,899/- രൂപയും നല്‍കി. വാറണ്ടി കാലയളവിനുള്ളില്‍ തന്നെ ഫോണിന്റെ കോള്‍ സെന്‍സറില്‍ തകരാറ് സംഭവിച്ചു. അത് പരിഹരിക്കുന്നതിനായി 500 രൂപ സര്‍വീസ് ചാര്‍ജും നല്‍കേണ്ടിവന്നു.

എതിര്‍കക്ഷി യഥാസമയം ഫോണ്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഇതുമൂലം മന:ക്ലേശവും ധനനഷ്ടവും മറ്റൊരാളുടെ ഫോണ്‍ ഉപയോഗിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായെന്ന് പരാതിക്കാരന്‍ വാദിച്ചു.

'വാറണ്ടി പിരീഡിനുള്ളില്‍ യഥാസമയം റിപ്പയര്‍ ചെയ്തു നല്‍കാനുള്ള ബാധ്യത എതിര്‍കക്ഷിക്ക് ഉണ്ടെന്നും അത് നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിലൂടെ പരാതിക്കാരന് സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക് സ്ഥാപനം സമാധാനം പറയണമെന്നും ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

നഷ്ടപരിഹാരവും കോടതി ചെലവും തകരാര്‍ പരിഹരിച്ച ഫോണും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് എതിര്‍ കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി.