ന്യൂഡല്‍ഹി: അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഏഴംഗ ഭരണഘടനാ ബഞ്ചാണ് ന്യൂനപക്ഷ പദവി നീക്കിയ 1967 ലെ വിധി റദ്ദാക്കി. അതേസമയം, അലിഗഡിന്റെ ന്യൂനപദവി തിരിച്ചു നല്‍കുന്നതില്‍ ബെഞ്ച് തീര്‍പ്പു പറഞ്ഞില്ല. ഇക്കാര്യം, പുതിയ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ റെഗുലര്‍ ബെഞ്ചിനു വിട്ടു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി വിഷയത്തില്‍ ഉയര്‍ന്ന നിയമപ്രശ്‌നങ്ങള്‍ മാത്രമാണു കോടതി പരിശോധിച്ചത്.ബെഞ്ചിലെ നാല് അംഗങ്ങള്‍ പിന്തുണച്ച ഭൂരിപക്ഷ വിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡാണ് എഴുതിയത്.

ഭൂരിപക്ഷ വിധിയോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, എസ് സി ശര്‍മ്മ എന്നിവര്‍ വിയോജിച്ചു. അതേസമയം, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ ബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ ഭൂരിപക്ഷ വിധിക്കൊപ്പമായി.

1967 ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണു കേസിന്റെ തുടക്കം. അലിഗഡ് കേന്ദ്ര സര്‍വകലാശാലയാണെന്നു ചൂണ്ടിക്കാട്ടി എസ്. അസീസ് ബാഷ നല്‍കിയ കേസിലായിരുന്നു കോടതി നടപടി. ഈ വിധിയില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 1981ല്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നു വിഷയം ഏഴംഗ ബെഞ്ചിനു വിട്ടു. ഇതിലാണ് നാലരപ്പതിറ്റാണ്ടിനു ശേഷം കോടതി തീര്‍പ്പു പറഞ്ഞത്.

1967 ലെ വിധി പ്രകാരം ന്യൂനപക്ഷ പദവി നഷ്ടമായെങ്കിലും 1981ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ അതു തിരികെ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പിജി കോഴ്‌സുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു സര്‍വകലാശാല സംവരണം ഏര്‍പ്പെടുത്തി. 2006ല്‍ അലഹബാദ് ഹൈക്കോടതി പദവി റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജികള്‍ 2019ല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ടു. കേന്ദ്ര നിയമ നിര്‍മ്മാണത്തിലൂടെ സ്ഥാപിതമായതിനാല്‍ ന്യൂനപക്ഷ സ്ഥാപനമല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.