പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ അലക്‌സ് പാണ്ഡ്യന് വധശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റേതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചത്.

പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്.ജയകുമാര്‍ ജോണാണ് കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവുമായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന് (26) വധശിക്ഷ വിധിച്ചത്. കൊലപാതകം, പീഡനം, ക്രൂരമായ മര്‍ദനം, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് നവംബര്‍ 5ന് കോടതി വിധിച്ചിരുന്നു.

ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയില്‍ വ്യക്തമാക്കി.പത്തനംതിട്ട കുമ്പഴയില്‍ തുടര്‍ച്ചയായ മര്‍ദ്ദനമാണ് മരണകാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അഞ്ചുവയസുകാരിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോള്‍ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.

കുമ്പഴയില്‍ വാടകവീട്ടിലാണു തമിഴ്‌നാട് സ്വദേശികളായ ഇവര്‍ കഴിഞ്ഞിരുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്‌സ് പാണ്ഡ്യന്‍ കൊലപ്പെടുത്തിയത്. 2021 ഏപ്രില്‍ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. 2021 ജൂലൈ 5ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്നാട്ടില്‍ വച്ചും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റം തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.

ദേഹത്ത് ഒട്ടേറെ മുറിവുകളോടെ കുഞ്ഞിനെ വീട്ടില്‍വച്ച് സ്വന്തം അമ്മ തന്നെയാണ് കണ്ടത്. ഇക്കാര്യം ചോദിച്ച യുവതിയെ അലക്‌സ് മര്‍ദിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വൈകാതെ പൊലീസ് അലക്്‌സിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞു. പ്രതി ലഹരിക്കടിമയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പ്രതി ഇതിനിടെ ഒന്നിലധികം തവണ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു