കൊച്ചി: അപകീര്‍ത്തി കേസില്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകേണ്ട. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നാളെ ഹാജരാകണമെന്ന നോട്ടിസ് ലഭിച്ചിരിക്കെയാണു ഹൈക്കോടതി ഇടപെടല്‍.

കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് വി.ജി.അരുണ്‍ ഇളവ് അനുവദിച്ചത്. ഹര്‍ജിയില്‍ പരാതിക്കാരനായ ടി.ജി.നന്ദകുമാറിനു ഹൈക്കോടതി നോട്ടിസ് അയച്ചു. തന്നെ 'കാട്ടുകള്ളന്‍', 'വിഗ്രഹം മോഷ്ടിച്ചയാള്‍' എന്നിങ്ങനെ സുരേന്ദ്രന്‍ വിളിച്ചുവെന്നും ഇത് അപകീര്‍ത്തികരമാണ് എന്നു ചൂണ്ടിക്കാട്ടിയാണു നന്ദകുമാര്‍ പരാതി നല്‍കിയത്.

പരസ്യമായി മാപ്പു പറയുക, ഇല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നായിരുന്നു നന്ദകുമാറിന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണെന്നും ഉത്തരവാദിത്തമില്ലാതെ പ്രസ്താവനകള്‍ നടത്തില്ലെന്നും ഹര്‍ജിയില്‍ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരനെതിരെ നടത്തിയെന്നു പറയുന്ന പ്രയോഗങ്ങള്‍ പൊതുമധ്യത്തിലുള്ളതാണെന്നും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതാണെന്നും സുരേന്ദ്രന്‍ വാദിച്ചു. അതുകൊണ്ടു തന്നെ ഇതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ സമയത്തായിരുന്നു വിവാദ സംഭവം. ബിജെപി പത്തനംതിട്ട ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്ന അനില്‍ ആന്റണി, സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നു ടി.ജി.നന്ദകുമാര്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു കെ.സുരേന്ദ്രനും അനില്‍ ആന്റണിയും വിവാദ'ദല്ലാളി'നെതിരെ രംഗത്തെത്തിയത്. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്ന് കാണിച്ച് നന്ദകുമാര്‍ പരാതി നല്‍കുകയായിരുന്നു.