കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് സമയം നീട്ടി നല്‍കി. നവംബര്‍ 25ന് റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് പോലീസ് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കാന്‍ നവംബര്‍ 9ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. റിപ്പോര്‍ട്ടും പരിശോധനാ ഫലവും സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇന്ന് 2.30ന് കോടതി ചേരുമ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്നാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നു.

കോടതി വീണ്ടും ചേര്‍ന്നപ്പോഴും പോലീസ് സമയം നീട്ടി ചോദിച്ചതോടെയാണ് 25ന് റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കേസില്‍ 29ന് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പോലീസ് ഇന്ന് കോടതിയില്‍ പറഞ്ഞത്. റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയവും പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ ഇപ്പോഴും പൊലീസിന് സാധിച്ചിട്ടില്ല. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചെന്ന പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആവശ്യമെങ്കില്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് കാസിം അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്.

ഇടത് സൈബര്‍ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടേയും മുഹമ്മദ് കാസിമിന്റേയും ഫോണ്‍ പിടിച്ചെടുത്ത പൊലീസ് ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഇവയുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.