- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിയമ്മാൾ വധക്കേസിൽ ഭർത്താവ് മാരിയപ്പന് കഠിന തടവും 50000 രൂപ പിഴയും; പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം; നാടിനെ നടുക്കിയ കൊലപാതകം സിനിമ തീയേറ്ററിൽ വെച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിന് ഒടുവിൽ
തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കൽ എസ്. കെ നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാൾ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും തലസ്ഥാന ജില്ലാ കോടതി ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട കന്നിയമ്മാളിന്റെ ഭർത്താവ് മാരിയപ്പനെയാണ് (45) തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണു ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക ഈടാകുന്ന പക്ഷം സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.കേസിന്റെ വിചാരണ പൂർത്തിയായത് 24 ദിവസം കൊണ്ടാണ്.സംശയ രോഗത്തെ തുടർന്ന് ഭർത്താവ് മാരിയപ്പൻ കന്നിയമ്മയെ വെട്ടിക്കൊന്നെന്നാണ് കേസ്. ഇന്ത്യൻ തെളിവു നിയമത്തിലെ ലാസ്റ്റ് സീൻ തിയറി (കൊല്ലപ്പെട്ടയാളിനൊപ്പം അവസാനമായി കാണപ്പെട്ട പ്രതിയിലേക്ക് സംശയം നീളുന്ന സിദ്ധാന്തം) ,കൃത്യ സ്ഥലത്ത് കണ്ട രക്തക്കറയിൽ കണ്ട പ്രതിയുടെ കാൽപാദ ഫോറൻസിക് റിപ്പോർട്ട് , കൃത്യത്തിന് ശേഷം പ്രതിയുടെ ഒളിവിൽ പോകൽ എന്നിവ വിചാരണക്കൊടുവിൽ കോടതി തെളിവു മൂല്യം വിലയിരുത്തിയതിൽ നിർണ്ണായകയമായി.
2018 സെപ്റ്റംബർ 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം രാത്രി കന്നിയമ്മാളും മാരിയപ്പനും നഗരത്തിലെ തിയേറ്ററിൽ സ്വാമി - 2 സിനിമ കാണാൻ പോയിരുന്നു. സിനിമ തീയേറ്ററിൽ വെച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാൾ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പൻ വഴക്കുണ്ടാക്കി. ഇതിനിടെ ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തിരുനെൽവേലിക്ക് പോയ മാരിയപ്പനെ മൂന്നാം ദിവസം ഫോർട്ട് പൊലീസ് പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിർണ്ണായക സാക്ഷികൾ. ഇരുവരും പിതാവിനെതിരെ കോടതിയിൽ മൊഴി നൽകി.
നഗരത്തിലെ പിസാ വിതരണക്കാരനായ മണികണ്ഠൻ സംഭവദിവസം രാത്രി 11. 30 മണിയക്ക് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്. വിവാഹിതനായി മറ്റെരിടത്ത് താമസിച്ചിരുന്ന മൂത്തമകൻ ഗണേശിനോട് കന്നിയമ്മാൾ പലപ്പോഴും മാരിയപ്പൻ തന്നെ സംശയത്തിന്റെ പേരിൽ ഉപദ്രവിയക്കുന്നതായി പറഞ്ഞിട്ടുണ്ടായിരുന്നു.
സംഭവ ദിവസം സിനിമ കണ്ട് മടങ്ങി വന്ന കന്നിയമ്മാളും മാരിയപ്പനും വീടിന്റെ മുകൾ നിലയിലേയ്ക്ക് കയറി പോകുന്നത് കണ്ടതായി കന്നിയമ്മാൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ വീട്ടുടമസ്ഥരായ മോഹൻകുമാറും, ഭാര്യ രമണിയും കോടതിയിൽ മൊഴി നൽകിയിരുന്നു. കണിയമ്മാളിന്റെ മൃതദേഹത്തിന് സമീപം രക്തത്തിൽ കണ്ട കാൽപ്പാടുകൾ മാരിയപ്പന്റേതാണന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് കേസ്സിൽ നിർണ്ണായക തെളിവായി.