- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ പറയാനാകില്ല; പദ്ധതി തടസ്സപെടുത്താതെ പ്രതിഷേധമാകാം; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നതായി അദാനി കോടതിയിൽ; സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പദ്ധതിയിൽ പ്രതിസന്ധിയാകും
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കേരളാ ഹൈക്കോടതി. തുറമുഖ പദ്ധതി നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും കോടതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാൽ പരാമർശം.
മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയിൽ നിന്നാകണമെന്ന് നിർദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളതുകൊണ്ട് നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശിക്കാൻ ആകില്ലെന്നും അറിയിച്ചു.
പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം തന്നെ നിർദ്ദേശം നൽകിയിരുന്നു. സമരം മൂലം തടസ്സമുണ്ടാകുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. ക്രമ സമാധാന പാലനത്തിനും സുരക്ഷയ്ക്കും കേന്ദ്ര സേനയെ ഇറക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിലെ ആവശ്യം.
കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.
കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹർജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമ്മാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം.
അതിനിടെ വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ശക്തമാണ്. ഉപരോധ സമരത്തിന്റെ പതിനാലാം ദിവസമായ ഇന്ന് മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങളാണ് കടൽ മാർഗം തുറമുഖം വളയുക. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീൻ അതിരൂപത പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മന്ത്രിമരുമായുള്ള ചർച്ച നടന്നിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ