ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും അധികം മോട്ടോർ സൈക്കിളുകൾ വിറ്റുപോകുന്ന സ്ഥലമാണ് കേരളം. ഏത് പുതിയ മോഡൽ ബൈക്കിയാലും അതെല്ലാം കേരളത്തിൽ വിറ്റുപോകുമെന്നത് പതിവാണ്. അതേസമയം ബൈക്കിൽ രണ്ട് പേർ യാത്ര ചെയ്യുമ്പോൾ അപകടം സംഭവിച്ചാൽ അതിന് നിയമപരിരക്ഷ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഇത് സംബന്ധിയ നിയമ പോരാട്ടങ്ങൾ ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു.

മോട്ടോർ സൈക്കിളിലെ പിൻസീറ്റ് യാത്രക്കാർക്ക് അപകടം സംഭവിച്ചാൽ മൂന്നാംകക്ഷി പരിരക്ഷ നൽകേണ്ടതുണ്ടോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കയാണ്. കേരളത്തിൽനിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് അഞ്ചംഗ ബെഞ്ചിന് വിട്ടത്. പിൻസീറ്റ് യാത്രികനുകൂടി പരിരക്ഷ ലഭിക്കണമെങ്കിൽ അതിനുള്ള അധികപ്രീമിയം വാഹനയുടമ അടയ്ക്കണമായിരുന്നുവെന്നാണ് ഇൻഷുറൻസ് കമ്പനി വാദിച്ചത്.

തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് വാഹനയുടമയ്ക്കുള്ളതെങ്കിൽ മൂന്നാംകക്ഷിയായി പിൻസീറ്റ് യാത്രികനെ കാണാനോ നഷ്ടപരിഹാരം നൽകാനോ സാധിക്കില്ലെന്ന് ന്യൂഇന്ത്യാ അഷ്വറൻസ് കമ്പനി വാദിച്ചു. പിൻസീറ്റ് യാത്രക്കാരന് മരണമോ പരിക്കോ സംഭവിച്ചാൽ തേഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടാവില്ല. ഇൻഷുറൻസ് എടുത്ത വാഹനയുടമയല്ലാത്ത മറ്റെല്ലാവരെയും മൂന്നാംകക്ഷിയായി പരിഗണിക്കേണ്ടതുണ്ടോ എന്ന വിഷയമാണ് ഭരണഘടനാബെഞ്ചിന് വിട്ടത്.

മോട്ടോർ വാഹന ഇൻഷുറൻസിൽ വാഹനയുടമ ഒന്നാംകക്ഷിയും ഇൻഷുറൻസ് കമ്പനി രണ്ടാംകക്ഷിയുമാണ്. ഇവർ രണ്ടുപേരുമല്ലാത്ത ബാക്കിയെല്ലാവരെയും മൂന്നാംകക്ഷിയായി കണ്ട് തേഡ് പാർട്ടി ഇൻഷുറൻസിന്റെ പരിരക്ഷ നൽകാമോയെന്ന വിശാലമായ നിയമപ്രശ്നമാണ് ഭരണഘടനാ ബെഞ്ച് പരിശോധിക്കുക. 2001 ഒക്ടോബർ മൂന്നിന് കേരളത്തിലുണ്ടായ അപകടത്തിൽ മോട്ടോർസൈക്കിളിന്റെ പിൻസീറ്റിലിരുന്ന 23-കാരൻ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിയിലെത്തിയത്.

സിവിൽസർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എം.ബി.എ. വിദ്യാർത്ഥിയായ യുവാവിന് ഒരു കമ്പനിയിൽനിന്ന് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ പദവിയിലേക്ക് നിയമന ഉത്തരവ് ലഭിച്ചിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് വാഹനയുടമ 33.60 ലക്ഷം രൂപ എട്ടുശതമാനം പലിശസഹിതം നൽകണമെന്നായിരുന്നു മോട്ടോർ വാഹനാപകട ട്രിബ്യൂണലിന്റെ ഉത്തരവ്.

ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്നും ട്രിബ്യൂണൽ വിധിച്ചു. എന്നാൽ, ഇതിന്റെപേരിൽ വാഹനയുടമയുടെ പരാതി പരിഗണിച്ച ഹൈക്കോടതി, ട്രിബ്യൂണൽ ഉത്തരവിൽ ഭേദഗതി വരുത്തി. നഷ്ടപരിഹാരം ആദ്യം നൽകേണ്ടത് ഇൻഷുറൻസ് കമ്പനിതന്നെയാണെന്നും അവർക്കത് വാഹനയുടമയിൽനിന്ന് പിന്നീട് ഈടാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നഷ്ടപരിഹാരത്തുകയ്ക്കുള്ള പലിശ എട്ടിൽനിന്ന് 12 ശതമാനമായി ഹൈക്കോടതി ഉയർത്തുകയും ചെയ്തു. ഇതിനെതിരേ വാഹനയുടമ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.