ന്യൂഡല്‍ഹി: പ്രതികള്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും വാട്ട്സ്ആപ്പ് അല്ലെങ്കില്‍ മറ്റ് ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി. ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ നോട്ടീസ് നല്‍കാന്‍ പോലീസിനെ അനുവദിക്കണമെന്ന ഹരിയാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. ഇത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വാട്‌സാപ്പില്‍ ഡബിള്‍ ടിക്ക് കണ്ടാല്‍ സമന്‍സ് കൈപ്പറ്റിയതായി കണ്ട് അറസ്റ്റിലേക്കും മറ്റും പോകുന്ന നടപടികള്‍ രാജ്യത്തെ പല പോലീസ് സംവിധാനങ്ങളും സ്വീകരിച്ചിരുന്നു. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി നിലപാട് എടുക്കുന്നത്. ഇതോടെ പോലീസ് സമന്‍സുകളെല്ലാം നേരിട്ട് കൈമാറേണ്ടി വരും.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ പുതിയ നിയമം സമന്‍സും വാറണ്ടും പുറപ്പെടുവിക്കുന്നതിനും നല്‍കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള കോടതി നടപടികള്‍ക്ക് ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നുവെന്നും അത് പോലീസിനും അനുവദിക്കണമെന്നുമായിരുന്നു വാദം. ഇത് കോടതി നിരസിച്ചു. കോടതി പുറപ്പെടുവിക്കുന്ന സമന്‍സ് ഒരു ജുഡീഷ്യല്‍ ആക്ടാണെന്നും അന്വേഷണ ഏജന്‍സി പുറപ്പെടുവിക്കുന്ന നോട്ടീസ് ഒരു എക്‌സിക്യൂട്ടീവ് ആക്ടാണെന്നും ജുഡീഷ്യല്‍ ആക്ടിന് നിര്‍ദ്ദേശിച്ചിരിക്കുന്ന നടപടിക്രമം എക്‌സിക്യൂട്ടീവ് ആക്ടിന് നിര്‍ദ്ദേശിച്ചിരിക്കുന്ന നടപടിക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എന്‍ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

പോലീസ് സമന്‍സിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം ഉള്‍പ്പെട്ടിരിക്കുന്നുവെന്നും, കാരണം സമന്‍സ് പാലിക്കാത്തതിന് വ്യക്തിയെ അറസ്റ്റ് ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇലക്ട്രോണിക് ആശയവിനിമയ മാര്‍ഗത്തിലൂടെയല്ല, പ്രതിക്ക് നേരിട്ട് നോട്ടീസ് നല്‍കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയുടെ വാദം അംഗീകരിച്ച കോടതി, സേവന രീതി അനുസരിച്ച് ആ വ്യക്തിക്ക് വ്യക്തിപരമായി സമന്‍സ് അയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. വാട്‌സ് ആപ്പും ഇലക്ട്രോണിക് സംവിധാനങ്ങളും മുഖേന സമന്‍സും നോട്ടീസും അയയ്ക്കരുതെന്നാണ് പൊലീസിനോട് സുപ്രീംകോടതി പറയുന്നത്. ഇമെയില്‍ മുഖേനെ പോലും സമന്‍സ് അയയ്ക്കാന്‍ ഇനി പോലീസിന് കഴിയില്ല. മറുനാടന്‍ മലയാളിയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനാണ് സിദ്ധാര്‍ത്ഥ് ലൂത്ര. എസ് സി എസ് ടി ആക്ട് ദുരൂപയോഗപ്പെടുത്തി ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യാനുള്ള നിര്‍ണ്ണായക ഉത്തരവിന് വേണ്ടി വാദിച്ചത് ലൂത്രയാണ്. ഇതോടെ എസ് എസ് എസ് ടി നിയമ ദുരൂപയോഗം രാജ്യത്താകെ തടയപ്പെട്ടു. അത്തരത്തിലൊരു അഭിഭാഷകനാണ് വാട്‌സാപ്പ് സമന്‍സിലും സാധാരണക്കാര്‍ക്ക് വേണ്ടി സുപ്രീംകോടതിയെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നവരെ അടക്കം നേരിട്ടുകണ്ട് സമന്‍സ് കൈമാറണം. വാട്‌സ് ആപ്പ് മുഖേന സമന്‍സ് അയയ്ക്കാന്‍ അനുവദിക്കണമെന്ന ഹരിയാന പൊലീസിന്റെ അപേക്ഷ തള്ളിയ സുപ്രീംകോടതി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ മുഖേന നോട്ടീസും സമന്‍സും അയയ്ക്കുന്നത് അംഗീകരിച്ചിട്ടില്ലെന്നും വിശദീകരിക്കുക കൂടിയാണ്. കേരളത്തിലും സമൂഹമാധ്യമ അക്കൗണ്ടും ഇമെയിലും വഴി സമന്‍സ് നല്‍കുന്നതു ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎന്‍എസ്എസ്) വകുപ്പുകള്‍ പ്രകാരം ഔദ്യോഗികമാക്കാനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും നല്‍കുകയും ചെയ്തു. ഇത് പ്രകാരം പോലീസ് സമന്‍സുകളും വാട്‌സാപ്പില്‍ അയയ്ക്കാന്‍ തുടങ്ങി. ഇനി ഇത് പോലീസ് സമന്‍സുകള്‍ക്ക് നടപ്പിലാക്കാന്‍ കഴിയില്ല

കേരള പ്രൊസീജ്യര്‍ ഫോര്‍ സര്‍വീസ് ഓഫ് സമന്‍സ് റൂള്‍സ് 2025 എന്നായിരുന്നു കേരളത്തിലെ ചട്ടത്തിന്റെ പേര്. സമന്‍സ് ലഭിക്കേണ്ടയാളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച ഒരു ഫോണ്‍ നമ്പര്‍ നിലവിലുണ്ടെങ്കില്‍ ഈ നമ്പര്‍ വഴി ലഭിക്കുന്ന ഏതു സമന്‍സും ഇനി മുതല്‍ ഔദ്യോഗികമാണെന്നായിരുന്നു ഈ ചട്ടം പറയുന്നത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവോട് ഇത് കോടതി സമന്‍സുകള്‍ക്ക് മാത്രമായി ചുരുക്കേണ്ടി വരും. ഇലക്ട്രോണിക് മാധ്യമം വഴി സമന്‍സ് ലഭിച്ചാലും പേപ്പര്‍ സമന്‍സ് ലഭിച്ചാല്‍ മാത്രം കോടതിയില്‍ ഹാജരായാല്‍ മതിയെന്ന നിലപാടു സ്വീകരിക്കാന്‍ ഇനി കക്ഷികള്‍ക്കും കഴിയില്ലെന്നതാണ് വസ്തുത. സമന്‍സ് ലഭിച്ചതിന്റെ കൈപ്പറ്റ് രസീത് കോടതി ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഹാജരാക്കണം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടിനും കൈപ്പറ്റ് രസീതിന്റെ തെളിവുമൂല്യമുണ്ട്. ഇതെല്ലാം കോടതി സമന്‍സുകള്‍ക്ക് മാത്രമുള്ള ചട്ടമായി മാറും.

കോടതിയില്‍ നിന്നു നല്‍കുന്ന സമന്‍സില്‍ സീലും ഡിജിറ്റല്‍ സിഗ്‌നേച്ചറും ബന്ധപ്പെട്ട കോടതി ഉദ്യോഗസ്ഥനും ഉറപ്പാക്കണം. സമന്‍സ് ലഭിക്കാത്തതു മൂലം കക്ഷിക്കെതിരെ വാറന്റും അറസ്റ്റുമുണ്ടാവുന്ന ബുദ്ധിമുട്ടുകളും വിചാരണ നടപടികള്‍ക്കുണ്ടാവുന്ന അനാവശ്യ കാലതാമസവും പൂര്‍ണമായി ഒഴിവാകുനാണ് കോടതി സമന്‍സുകള്‍ ഇലക്ട്രോണിക് മാധ്യമം വഴി നല്‍കുന്നത്. പോലീസ് സമന്‍സുകള്‍ ഇത്തരത്തില്‍ കൈമാറുന്നത് വ്യക്തികളെ അന്യായമായി അറസ്റ്റു ചെയ്യാനാണെന്നതാണ് വസ്തുത. ഇതുകൊണ്ടാണ് പോലീസ് സമന്‍സുകള്‍ നേരിട്ട് വ്യക്തികള്‍ക്ക് കൈമാറണമെന്ന കോടതി വിധി വരുന്നത്.