- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ഉത്തരവ് അപ്രായോഗികം; നിലവിലെ ചട്ടങ്ങള്‍ പാലിച്ചു ദേവസ്വങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം; ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം എങ്ങനെ പാലിക്കാന്‍ സാധിക്കും? ആന എഴുന്നെള്ളിപ്പിലെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ സുപ്രീംകോടതിയുടെ സ്റ്റേ; ഹൈക്കോടതി വിധിക്ക് വിമര്‍ശനം
ആനകളെ എഴുന്നള്ളിക്കാം
ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നിലവിലെ ചട്ടങ്ങള്‍ പാലിച്ചു ദേവസ്വങ്ങള്‍ക്ക് ആന എഴുന്നള്ളിക്കാം. ദേവസ്വങ്ങള്‍ക്ക് അനുകൂലമാണു കോടതിയുടെ ഉത്തരവ്. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പ്രായോഗികത സുപ്രീംകോടതി ചോദ്യം ചെയ്തു.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണു സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മില്‍ 3 മീറ്റര്‍ ദൂരപരിധി പാലിക്കണം, തീവെട്ടികളില്‍നിന്ന് 5 മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ 8 മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ എന്നിവയുള്‍പ്പെടെ ഹൈക്കോടതി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്നു തോന്നുന്നില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ശൂന്യതയില്‍നിന്ന് ഉത്തരവിറക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. സര്‍ക്കാരിനും ആന ഉടമകളുടെ സംഘടനകള്‍ക്കും കോടതി നോട്ടിസ് അയച്ചു. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണു വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്നു കോടതി പറഞ്ഞു. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ക്കു വിരുദ്ധമാണു ഹൈക്കോടതി നിര്‍ദേശം. വര്‍ഷങ്ങളായി എഴുന്നള്ളിപ്പ് നടക്കുന്നുണ്ട്. എഴുന്നള്ളിപ്പിന്റെ ഉത്തരവാദിത്തം ദേവസ്വങ്ങള്‍ക്കായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണെന്നും ചട്ടങ്ങള്‍ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നതെന്നും ദേവസ്വം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിരുദ്ധമാണു ഹൈക്കോടതി നിര്‍ദേശം. ഈ നിര്‍ദേശങ്ങളില്‍ പലതും അപ്രായോഗികമാണെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ സംഘടനകളും ആന എഴുന്നള്ളിപ്പിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അവരുടെ വാദങ്ങള്‍ കോടതി തള്ളി. കോടതി തീരുമാനത്തെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സ്വാഗതം ചെയ്തു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കടുത്ത നിലപാടാണ് സ്വീകരിച്ചത് . രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും ഉണ്ടാകില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ആന എഴുന്നള്ളിപ്പ് ക്ഷേത്രം ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി പറഞ്ഞു.
അനിവാര്യമായ ആചാരങ്ങളില്‍ മാത്രമേ ഇളവുണ്ടാകൂ. ആനകളെ ഉപയോഗിക്കരുത് എന്നല്ല പറയുന്നതെന്നും മാനദണ്ഡം പാലിക്കണമെന്നാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഒരു ചട്ടം കൊണ്ടുവരണമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതിതന്നെ മാനദണ്ഡം കൊണ്ടുവന്നത്. സര്‍ക്കാരിന്റെ ചട്ടം വരുന്നതുവരെ ഇത് പാലിക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി കൊണ്ടുവന്ന മാനദണ്ഡത്തിനെതിരേ വിവധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ച അധികൃതരോട് ഇത് രാജഭരണ കാലമല്ലെന്നായിരുന്നു കോടതി പറഞ്ഞത്. രാജഭരണകാലത്ത് നിലനിന്നിരുന്നു എന്നതിന്റെ പേരില്‍ ഇപ്പോഴും തുടരണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ഇത് ജനാധിപത്യകാലമാണെന്നും കോടതി പറഞ്ഞിരുന്നു.