ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി, മൂന്നംഗ ബെഞ്ചിനു വിട്ട് സുപ്രീം കോടതി. വിഷയം വിദഗ്ധ സമിതി പരിശോധിക്കുന്നതാകും ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ഒരു ജനാധിപത്യ രാജ്യത്തു പൂർണ അധികാരം വോട്ടർമാർക്കാണെന്നും പാർട്ടികളെയും സ്ഥാനാർത്ഥികളെയും തിരഞ്ഞെടുക്കുന്നത് വോട്ടർമാരാണെന്നും നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ സൗജന്യ വാഗ്ദാനങ്ങളല്ല ജനങ്ങൾക്കുള്ള ക്ഷേമ നടപടികളാണെന്നാണ് ചില രാഷ്ട്രീയ പാർട്ടികൾ വാദിച്ചത്.

ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അവസാന പ്രവൃത്തി ദിനമാണെന്നിരിക്കെ ലൈവ് സ്ട്രീമിങ്ങായാണ് ഹർജി പരിഗണിച്ചത്. നാഷനൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ വെബ് പോർട്ടൽ വഴി ഇന്നു രാവിലെ 10.30 മുതൽ ഹർജികൾ പരിഗണിക്കുന്നത് തൽസമയം സംപ്രേഷണം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതേസമയം പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിൽ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എന്താണ് സൗജന്യക്ഷേമ പദ്ധതികൾ എന്ന് നിർവചിക്കേണ്ടതുണ്ടന്നും കോടതി വ്യക്തമാക്കിയിരുന്നു. സൗജന്യ പദ്ധതികളുടെ പേരിൽ ഇലക്ട്രാണിക്‌സ് ഉപകരണങ്ങൾ അടക്കം നൽകുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന സംശയവും കോടതി ഉന്നയിച്ചു. ഈ വിഷയത്തിൽ വിശദമായ ചർച്ചയും സംവാദവും നടക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജിയിൽ, തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങൾ നൽകുന്നതിനെ എതിർക്കുന്ന നിലപാട് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ, സൗജന്യ പദ്ധതികൾ ക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് എഎപി, കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടികൾ കോടതിയിൽ സ്വീകരിച്ചത്. സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എൻ.വി.രമണ നേരത്തെ കേസ് പരിഗണിക്കുമ്പോൾ ചൂണ്ടിക്കാട്ടിയിരുന്നു.